കോളയാട്: കോളയാട് ഗ്രാമപഞ്ചായത്തിലെ കൊളപ്പ കോളനിയിലേക്കുള്ള മൂപ്പൻ കൊളപ്പ റോഡിന്റെ നിർമ്മാണ പ്രവൃത്തി സംസ്ഥാന തല വർക്കിംഗ് ഗ്രൂപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ കളക്ടറുടെ ജനസമ്പർക്ക പരിപാടി, 'ഊരിൽ ഒരു ദിനം' കൊളപ്പ കോളനിയിൽ ഉദ്ഘാടനം ചെയ്ത് കോളനി വാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കോളനി റോഡിന്റെ നിർമ്മാണം സംബന്ധിച്ച് 1.49 കോടി രൂപയുടെ പ്രൊപ്പോസൽ ജില്ല തല വർക്കിംഗ് ഗ്രൂപ്പ് അംഗീകരിച്ചതാണ്. ഇത് സംബന്ധിച്ച പ്രൊപ്പോസൽ സംസ്ഥാന വർക്കിംഗ് ഗ്രൂപ്പിന് സമർപ്പിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്ക് പണി തുടങ്ങും ജില്ലാ കളക്ടർ പറഞ്ഞു.
കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. റിജി അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ അനുകുമാരി മുഖ്യാതിഥിയായി. പട്ടികവർഗ വകുപ്പിന്റെ പദ്ധതികളെപ്പറ്റി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ എസ്.സന്തോഷ് കുമാർ വിശദീകരിച്ചു.

അമ്പും വില്ലും നൽകി

സ്വീകരിച്ചു
ജില്ലാ കളക്ടറെ ഊര് മൂപ്പൻ കേളപ്പൻ പരമ്പരാഗത രീതിയിൽ അമ്പും വില്ലും നൽകി സ്വീകരിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. റിജി, വൈസ് പ്രസിഡന്റ് കെ.ഇ സുധീഷ് കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജയരാജൻ, ശ്രീജ പ്രദീപൻ, ഉമാദേവി, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ എസ്.സന്തോഷ് കുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.വി ഗിരിജ എന്നിവർ പങ്കെടുത്തു. തുടർന്ന് കോളനിവാസികൾക്കൊപ്പം സമൂഹസദ്യ കഴിച്ചാണ് കളക്ടറും സംഘവും മടങ്ങിയത്.

കോളനിയിലെ ആൺകുട്ടികൾ പ്ലസ് ടു കഴിഞ്ഞാൽ പഠിപ്പ് നിർത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിദ്യാഭ്യാസമാണ് അതിജീവനത്തിനുള്ള ഏക വഴിയെന്ന് എല്ലാവരും മനസ്സിലാക്കണം. പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയുണ്ടെങ്കിലും പഠനം ഗൗരവമായി എടുക്കണം.

സബ് കളക്ടർ അനുകുമാരി