ചെറുവത്തൂർ: പരിധിയിലധികം ഉയരത്തിൽ സാധനങ്ങൾ കയറ്റി വരികയായിരുന്ന ലോറിയിടിച്ച് വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നു. കുഴിഞ്ഞിടി - പൊള്ള റോഡിൽ ഇന്നലെ രാവിലെയാണ് സംഭവം. ലോറിയുടെ ഉയരത്തിലുള്ള ഭാഗം ലൈനുകളിൽ തട്ടിയാണ് അപകടം ഉണ്ടായത്. അതോടൊപ്പം അഞ്ചോളം പോസ്റ്റുകളും തകർന്നു. ലൈനുകളും പോസ്റ്റും റോഡിൽ കിടന്നത് ഗതാഗതത്തിന് തടസ്സമായി. തുടർന്ന് ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ഏറെ നേരത്തെ അദ്ധ്വാനത്തിനു ശേഷമാണ് പോസ്റ്റുകളും ലൈൻ കമ്പിയും റോഡിൽ നിന്ന് നീക്കം ചെയ്തത്. പിലിക്കോട് മേജർ വൈദ്യുതി ഓഫീസിന്റെ അധികാര പരിധിയിൽപ്പെടുന്നതാണ് പ്രദേശം. കാസർകോട് ഭാഗത്തേക്ക് അച്ചാന്തുരുത്തി പാലം വഴി പോകാനുള്ള ശ്രമത്തിലാണ് ലോറി അപകടത്തിൽപ്പെട്ടത്.

;