
കണ്ണൂർ: പ്രണയം നടിച്ച് മാനസിക വൈകല്യമുള്ള യുവതിയിൽ നിന്നും സ്വർണവും പണവുംതട്ടിയെടുത്തെന്ന പരാതിയിൽ ബസ് കണ്ടക്ടറായ യുവാവിനെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. പാപ്പിനിശേരി സ്വദേശിനിയായ യുവതിയുടെ പിതാവിന്റെ പരാതിയിലാണ് ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്. ടൈലറിംഗ് ക്ലാസിന് പോകുന്നതിനായി സ്ഥിരമായി ബസിൽ യാത്ര ചെയ്തിരുന്ന യുവതിയുമായി പ്രണയത്തിലായ താജിർ മാതാവിന് അസുഖമാണെന്ന് പറഞ്ഞ് എട്ടു പവനും അയ്യായിരം രൂപയും തട്ടിയെടുക്കുകയായിരുന്നു. യുവതിയുടെ സ്വർണാഭരണങ്ങൾ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സ്വർണം കൈമാറിയതായി വ്യക്തമായത്. ഇത് മടക്കി നൽകാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്.