ഇരിട്ടി: തില്ലങ്കേരി പടിക്കച്ചാൽ മേഖലയിൽ ബോംബ് സ്‌ഫോടനം. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ പടിക്കച്ചാൽ സ്‌കൂളിന് സമീപം റോഡിൽ ബോംബ് സ്‌ഫോടനം ഉണ്ടായി. പൊട്ടിത്തെറിച്ചതിന്റെ ബാക്കി കുപ്പിച്ചില്ലുകൾ ഉൾപ്പെടെയുള്ള ബോംബിന്റെ അവശിഷ്ടങ്ങളും റോഡരികിൽ നിന്ന് കണ്ടെടുത്തു. ഒരാഴ്ചയായി പ്രദേശത്ത് രാത്രികാലങ്ങളിൽ സ്‌ഫോടനം നടക്കുന്നതായി നാട്ടുകാർ പറയുന്നു. നിരവധി തവണ രാഷ്ട്രീയ സംഘർഷങ്ങൾ അരങ്ങേറിയ സ്ഥലമാണിത്.

പ്രതിയോഗികളെ ഭയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റോഡിൽ ബോംബെറിഞ്ഞ് പൊട്ടിക്കുന്നതെന്നാണ് നിഗമനം. സ്‌കൂളിന് സമീപം പോലും സ്‌ഫോടനം നടന്നതും ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതും രക്ഷിതാക്കൾക്കിടയിലും ഭയാശങ്കക്കിടയാക്കിയിട്ടുണ്ട്. പ്രദേശത്ത് പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ, മുഴക്കുന്ന് സി.ഐ ഷിബു എസ് പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.