photo
ഹർത്താലിനെ തുടർന്ന് വിജനമായ പഴയങ്ങാടി ടൗൺ

പഴയങ്ങാടി: പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളായ മുട്ടം, കോഴിബസാർ, മൊട്ടാമ്പ്രം, പുതിയങ്ങാടി, മാട്ടൂൽ എന്നിവടങ്ങളിൽ കടകൾ പൂർണ്ണമായും അടഞ്ഞു കിടന്നു. ബസ്സുകൾ ഒന്നും തന്നെ ഓടിയില്ല. സ്വകാര്യ വാഹനങ്ങൾ കടന്ന് പോയെങ്കിലും പലയിടത്തും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടഞ്ഞു. മാട്ടൂൽ ജസിന്ത ബിൽഡിംഗിന് സമീപം വാഹനം തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മാട്ടൂൽ വില്ലേജ് ഓഫീസിന് സമീപത്തെ സി.കെ.ടി മുർഷിദ്(36)നെ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

പഴയങ്ങാടി കെ.എസ്.ടി.പി റോഡിലൂടെ പോകുന്ന ചരക്ക് വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു വെച്ചെങ്കിലും പൊലീസ് ഇടപെട്ട് കടത്തിവിട്ടു. ഏഴോം പഞ്ചായത്തിലെ ചെങ്ങൽ, നെരുവമ്പ്രം, അടിപ്പാലം, നരിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിച്ചു. ഏത് ഹർത്താലിലും കടകൾ തുറന്ന് പ്രവർത്തിക്കുന്ന മൊട്ടാമ്പ്രം, പുതിയങ്ങാടി പ്രദേശം ഈ ഹർത്താലിൽ പൂർണ്ണമായും അടഞ്ഞു കിടന്നു.