കുമ്പളയിൽ ലോറിക്ക് കല്ലേറ്
മുൻകരുതൽ അറസ്റ്റ്
മീപ്പുഗിരിയിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചവർ കസ്റ്റഡിയിൽ
കാസർകോട്: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ രാജ്യവ്യാപകമായി നടത്തിയ എൻ ഐ എ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ കാസർകോട് ജില്ലയിൽ ഭാഗികം. മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. എന്നാൽ മറ്റിടങ്ങളിൽ ഹർത്താൽ ഒരു പ്രതികരണവും ഉണ്ടാക്കിയില്ല. വാഹനങ്ങൾ കുറവായതിനാൽ സ്കൂളുകളിൽ അദ്ധ്യാപകരും സർക്കാർ ഓഫീസുകളിൽ ജീവനക്കാരും ഹാജരായത് കുറവായിരുന്നു. കല്ലേറും അക്രമവും ഭയന്ന് കെ എസ് ആർ ടി സിയും സ്വകാര്യ ബസുകളും സർവ്വീസ് നിർത്തിവെച്ചിരുന്നു.
കാസർകോട് ഡിപ്പോയിൽ നിന്നും പ്രധാനമായും സർവ്വീസ് നടത്തേണ്ടത് കാസർകോട് -മംഗളുരു റൂട്ടിലും കാഞ്ഞങ്ങാട് ചന്ദ്രഗിരി റൂട്ടിലുമാണ്. ഒളിഞ്ഞിരുന്നുള്ള കല്ലേറ് സ്ഥിരമായി നടക്കുന്ന റൂട്ടുകൾ ആയതിനാലാണ് സർക്കാർ ബസുകൾ ഓട്ടം നിർത്തിവെച്ചത്. കുമ്പളയിൽ ഇന്നലെ രാവിലെ ആറു മണിക്ക് ലോറിക്ക് നേരെ ഹർത്താൽ അനുകൂലികൾ കല്ലേറ് നടത്തി. മൊഗ്രാൽ കൊപ്ര ബസാറിൽ കൊച്ചിയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എൽ 64 കെ 6308 നമ്പർ ലോറിക്ക് നേരെയുണ്ടായ കല്ലേറിൽ ലോറിയുടെ ഗ്ലാസുകൾ പൂർണ്ണമായും തകർന്നു. ലോറി ഡ്രൈവറുടെ നെഞ്ചിൽ പരിക്കേറ്റു. ബൈക്കിൽ എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ കുമ്പള ഇൻസ്‌പെക്ടർ പി പ്രമോദിന്റെ പരാതിയിൽ പൊലീസ് നേരിട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുമ്പളയിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി രണ്ടു പോപ്പുലർ ഫ്രണ്ട് നേതാക്കളെ പൊലീസ് രാവിലെ അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടിയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ അന്യായമായി സംഘം ചേരുകയും വാഹനങ്ങൾ തടയുകയും ചെയ്ത 15 പേർക്കെതിരെയും കുമ്പള പൊലീസ് കേസെടുത്തു. അൻവർ ആരിക്കാടി, നാസർ ബംബ്രാണ, മൊഗ്രാലിലെ മുഹമ്മദ് ഷനീഫ്, മുനീർ പുത്തിഗെ തുടങ്ങി 15 പേർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
കാസർകോട് മീപ്പുഗിരിയിലും ചൂരിയിലും തുറന്നിരുന്ന കടകൾ അടപ്പിക്കാൻ ശ്രമമുണ്ടായി. ഇവരിൽ രണ്ടു ഹർത്താൽ അനുകൂലികളെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കാസർകോട് നഗരത്തിലും കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിലും കടമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നിരുന്നു. കാസർകോട് ടൗണിലും പരിസരങ്ങളിലും സ്കൂളുകൾ ഭാഗികമായി പ്രവർത്തിച്ചു. രക്ഷിതാക്കൾ അക്രമം ഭയന്ന് കുട്ടികളെ സ്കൂളിലേക്ക് അയച്ചത് കുറവായിരുന്നു. അതേസമയം കാസർകോട് ഹർത്താൽ സമാധാനപരമായിരുന്നു. ടൗണിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാൽ പ്രവർത്തകർ തുറന്ന കഥകളോ സ്ഥാപനങ്ങളോ അടപ്പിക്കാൻ ശ്രമിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ഡിവൈ. എസ്.പി വി.വി മനോജ്, ടൗൺ ഇൻസ്‌പെക്ടർ പി.അജിത് കുമാർ, എസ് . വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കി. നഗരത്തിൽ ഓട്ടോറിക്ഷകളും ബൈക്കുകളും ചെറുവാഹനങ്ങളും സർവ്വീസ് നടത്തി. ഹർത്താൽ മിക്കയിടങ്ങളിലും ഏതാനും മണിക്കൂറുകൾ മാത്രമാണ് നീണ്ടുനിന്നത്. ഉച്ചയോടെ കടകൾ തുറക്കുകയും വാഹനങ്ങൾ ഓട്ടം തുടങ്ങുകയും ചെയ്തിരുന്നു. ജില്ലയിൽ ചെറുവത്തൂർ, കാലിക്കടവ്, ഉദുമ, പാലക്കുന്ന് എന്നിവിടങ്ങളിലും മലയോര ടൗണുകളിൽ ഹർത്താൽ ഏശിയില്ല.അതേസമയം തൃക്കരിപ്പൂരിലും പടന്നയിലെ ഹർത്താൽ പൂർണമായിരുന്നു.