കണിച്ചാർ: സംസ്ഥാന ദുരന്തനിവാരണ സമിതി ഉന്നത ഉദ്യോഗസ്ഥർ കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ മേഖലകളിൽ സന്ദർശനം നടത്തി. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കണിച്ചാർ പഞ്ചായത്ത് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പൂളക്കുറ്റി, നിടുംപുറംചാൽ, ഏലപ്പീടിക, കാടൻമല എന്നീ പ്രദേശങ്ങൾ പരിശോധിക്കാനായാണ് ദുരന്തനിവാരണ സമിതി ഉന്നത ഉദ്യോഗസ്ഥർ എത്തിയത്. ഇന്നലെ രാവിലെ കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടെയും പരാതിക്കാരുടെയും കൂടിക്കാഴ്ചക്ക് ശേഷമാണ് ദുരന്തമുഖത്തേക്ക് ഉദ്യോഗസ്ഥർ എത്തിയത്. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായാണ് ദുരന്ത നിവാരണ സമിതി ഉദ്യോഗസ്ഥരുടെ പരിശോധന. ഇവരുടെ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദുരിത ബാധിതർക്ക് കൂടുതൽ സഹായങ്ങൾ ലഭ്യമാകുക. ദുരന്ത നിവാരണ സമിതി ഉദ്യോഗസ്ഥരായ ജി.എസ്. പ്രദീപ്, ഡോ. എച്ച്. വിജിത്ത്, ഡോ. എസ്. രവീന്ദ്രൻ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. സമിതി ഉന്നത ഉദ്യോഗസ്ഥർ ഗ്രാമ പഞ്ചായത്ത് അധികൃതരും പരാതിക്കാരുമായി കൂടികാഴ്ച നടത്തി. സംസ്ഥാന ദുരന്തനിവാരണ സമിതി ഉദ്യോഗസ്ഥരായ ജി.എസ്. പ്രദീപ്, ഡോ. എച്ച്. വിജിത്ത്, ഡോ. എസ്. രവീന്ദ്രൻ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഹാളിലെത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ,വൈസ് പ്രസിഡന്റ് ഷാന്റി സെബാസ്റ്റ്യൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയത്.