ഇരിട്ടി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ ഇരിട്ടി മേഖലയിൽ വ്യാപക ആക്രമം. ഉളിയിൽ, ആറളം ഭാഗങ്ങളിലാണ് ഹർത്താൽ അനുകൂലികൾ അക്രമം അഴിച്ചുവിട്ടത്. ഉളിയിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്ന ബൈക്ക് യാത്രക്കാരന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. കെ.എസ്.ആർ.ടി.സി ബസിനു നേരരെ ഉണ്ടായ കല്ലേറിൽ ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.
കണ്ണൂർ എയർപോർട്ട് ജീവനക്കാരനായ പുന്നാട് അത്തപ്പുഞ്ച സ്വദേശി എ. നിവേദ് സഞ്ചരിച്ച ബൈക്കിനു നേരെയാണ് രാവിലെ 6 മണിയോടെ പെട്രോൾ ബോംബെറിഞ്ഞത്. എയർപോർട്ട് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു ഇദ്ദേഹം. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് അക്രമകാരികൾ കമ്പിവടികൊണ്ട് അടിച്ചു തകർത്തു. തടയാൻ ശ്രമിച്ച നിവേദിനെ അക്രമകാരികൾ കമ്പിവടി കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു. ഇയാളെ ഇരിട്ടി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനു നേരെ ഉളിയിൽ വച്ച് കല്ലേറുണ്ടായി. ഡ്രൈവർ രതീഷിന് കല്ലേറിൽ കൈയ്ക്കു പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു. പുന്നാട് റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ച ഹർത്താൽ അനുകൂലികളായ മൂന്നു പേരെ ഇരിട്ടി പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. ആറളം ടൗണിനടുത്തു വച്ച് ചെന്നലോട് സ്വദേശി ഭാഗ്യരാജിന്റെ കാറിന്റെ ചില്ല് ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. അസുഖ ബാധിതയായ ഭാര്യയെ ഡോക്ടറെകാണിച്ചു തിരിച്ച് വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു അക്രമം. മുഖം മറിച്ച് എത്തിയ സംഘമാണ് അക്രമം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല.
വിളക്കോട് ടൗണിൽ വെച്ച് ഓട്ടോറിക്ഷ തടഞ്ഞു നിർത്തി അടിച്ചു തകർത്തു. ശ്രീകണ്ഠപുരത്തു നിന്നും യാത്രക്കാരുമായി വിളക്കോട് എത്തിയ ഓട്ടോയ്ക്കു നേരെയാണ് ആക്രമം ഉണ്ടായത്. ഉടൻ സ്ഥലത്തെത്തിയ മുഴക്കുന്ന് പൊലീസ് സബ് ഇൻസ്‌പെക്ടർ ഷിബു എഫ്‌പോളിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അക്രമ സംഘത്തിലുണ്ടായിരുന്ന വിളക്കോട് സ്വദേശി നിബ്രാസ് വീട്ടിൽ നജുമുദ്ധീനെ കസ്റ്റഡിയിലെടുത്തു.
ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ അക്രമികളെ തടയുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് നിലയുറപ്പിച്ചിരുന്നു.