
കണ്ണൂർ: ഹർത്താലിന്റെ മറവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചു വിടുകയും മട്ടന്നൂരിലെ ആർ.എസ്.എസ് ഖണ്ഡ് കാര്യാലയം ബോബെറിഞ്ഞ് തകർക്കാൻ ശ്രമിക്കുകയും ചെയ്തതിലൂടെ പോപ്പുലർ ഫ്രണ്ട് ലക്ഷ്യം വച്ചത് വർഗ്ഗീയ കലാപമാണെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ് ആരോപിച്ചു.രാവിലെ ആറ് മണിക്കാണ് ഹർത്താലെന്ന് പ്രഖ്യാപിച്ചെങ്കിലും അർദ്ധരാത്രി മുതൽ അക്രമം ആരംഭിച്ചു. എയർപോർട്ടിലേക്ക് വരുന്നവരെയും പോകുന്നവരെയും ആക്രമിച്ചു. പത്രവിതരണക്കാരെ ആക്രമിച്ചു. കെ എസ് ആർ ടി സി ബസ്സുകൾ ആക്രമിച്ചു. വാഹനങ്ങൾക്കു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. നാടെങ്ങും ഭീകരത സൃഷ്ടിച്ചു.ജില്ലയിൽ നടന്ന ആക്രമത്തിന് നേതൃത്വം നല്കിയവരെയും ആഹ്വാനം ചെയ്തവരെയും നിയമത്തിന്റെ മുന്നിലെത്തിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്നും ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.