കൂത്തുപറമ്പ്: മുക്കുപണ്ടം പണയംവച്ച് ബാങ്കുകളിൽ നിന്ന് വൻതുക തട്ടിയ സംഭവത്തിൽ ഒരാളെ കൂടി കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പങ്ങോട്ടൂരിലെ ആർ.കെ. ഇല്യാസി (28) നെയാണ് കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇല്യാസിനെ കൂത്തുപറമ്പിലെത്തിച്ച് ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പാറാലിലെ പടിഞ്ഞാറെന്റവിട പി. ശോഭന (50), നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (30) എന്നിവരെ നേരത്തെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ ബാങ്കുകളിൽ നിന്നായി പ്രതികൾ ഒരുകോടിയോളം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്. കൂത്തുപറമ്പ് ടൗണിൽ പ്രവർത്തിക്കുന്ന തലശ്ശേരി താലൂക്ക് വെൽഫെയർ സൊസൈറ്റി അധികൃതർ നൽകിയ പരാതിയെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് വിവരം പുറത്തുവന്നത്.