ആദ്യഘട്ടത്തിൽ രണ്ടുനിലകളിൽ രോഗികളെ പ്രവേശിപ്പിക്കും

ഒരുങ്ങുന്നത് അഞ്ചു നിലകളിലുള്ള 'സൂപ്പർ' ബ്ലോക്ക്

കിഫ്ബി ഫണ്ട് 65 കോടി രൂപ



കണ്ണൂർ: ജില്ല ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്ന സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക് രോഗികൾക്കായി തുറക്കുന്നു. ആദ്യഘട്ടത്തിൽ രണ്ടു നിലകളിലാണ് രോഗികളെ പ്രവേശിപ്പിക്കുക. രണ്ടാഴ്ചയ്ക്കകം രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

കിഫ്ബിയിൽ നിന്നുള്ള 65 കോടി രൂപ ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെ അഞ്ചു നിലകളിലായാണ് സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക് ഒരുങ്ങുന്നത്. ഇതിൽ മൂന്ന്, നാല് നിലകളിലാണ് ആദ്യഘട്ടത്തിൽ രോഗികളെ പ്രവേശിപ്പിക്കുക. ഇതിനായി 30 വീതം കിടക്കകളോടെയുള്ള ജനറൽ വാർഡുകൾ പുതിയ ബ്ലോക്കിൽ സജ്ജീകരിച്ചു.

നിലവിൽ പുരുഷ വിഭാഗത്തിലെ മെഡിക്കൽ, സർജറി വാർഡുകളുടെ സ്ഥിതി തീർത്തും ശോച്യാവസ്ഥയിലാണ്. ഇതേ തുടർന്നാണ് ഈ വിഭാഗത്തിലുള്ള രോഗികളെ ആദ്യഘട്ടത്തിൽ മാറ്റുന്നത്. രോഗികളെ മാറ്റിയാൽ നിലവിലുള്ള വാർഡുകളുടെ നവീകരണ പ്രവൃത്തി നടക്കും. തുടർന്ന് രണ്ടു മാസത്തിനകം സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് നീക്കം.

സ്ഥലപരിമിതിക്ക് പരിഹാരം

ജില്ല പഞ്ചായത്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം പി ആൻഡ് സി പ്രൊജക്ടാണ് പ്രവൃത്തി പൂർത്തിയാക്കുന്നത്. ഒന്നാം നിലയിൽ ക്രിട്ടിക്കൽ യൂനിറ്റ്, ഒ.പി സൗകര്യം, ഫാർമസി, ഡോക്ടർമാർക്കുള്ള റസ്റ്റ് റൂം എന്നിവ ഒരുക്കും. രണ്ടാം നിലയിൽ ഓപ്പറേഷൻ തീയറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ന്യൂറോളജി, യൂറോളജി വിഭാഗം, ഐ.സി.യുകൾ എന്നിവ സജ്ജീകരിക്കും. തുടർന്നുള്ള നിലകളിൽ ഡയാലിസിസ് യൂനിറ്റ്, സ്‌പെഷ്യാലിറ്റി വാർഡ്, സ്ത്രീകൾക്കുള്ള സ്‌പെഷൽ വാർഡ്, ജനറൽ വാർഡുകൾ എന്നിവ ക്രമീകരിക്കും. ബ്ലോക്ക് പൂർണ്ണ തോതിൽ യാഥാർത്ഥ്യമാകുന്നതോടെ ഒരു പരിധിവരെ ജില്ല ആശുപത്രിയുടെ സ്ഥലപരിമിതികൾക്ക് പരിഹാരമാകും.

പഴയ കെട്ടിടത്തിലുള്ള പുരുഷ വിഭാഗത്തിലെ മെഡിക്കൽ, സർജറി വിഭാഗത്തിലുള്ള രോഗികളെയാണ് ആദ്യം പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നത്. കൂടുതൽ ആധുനിക ഉപകരണങ്ങളും ആശുപത്രിയിൽ സ്ഥാപിക്കും.

ഡോ. വി.കെ. രാജീവ് കുമാർ, ആശുപത്രി സൂപ്രണ്ട്