തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് വേണ്ടി എളമ്പച്ചിയിൽ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങിയെങ്കിലും കടലോര പ്രദേശം ഉൾപ്പെടുന്ന ഈ ഓഫീസിൽ സ്വന്തമായൊരു വാഹനം പോലുമില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്ക. നിലവിൽ വാടകയ്ക്കെടുത്ത ജീപ്പ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് സൗജന്യമായി നൽകിയ പത്തു സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്. അടുത്ത മാസം ആദ്യ ആഴ്ചയിൽ വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ്
അധികാരികളുടെ നീക്കം.
തങ്കയം മുക്കിൽ വാടക കെട്ടിടത്തിലാണ് വൈദ്യുതി ഓഫീസ് നിലവിൽ പ്രവർത്തിക്കുന്നത്. ഏറെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടാണ് ഓഫീസിന്റെ പ്രവർത്തനം നടക്കുന്നത്. പിലിക്കോട് മേജർ വൈദ്യുതി സെക്ഷന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂരിലെ ഈ ഓഫീസിൽ ഒരു അസിസ്റ്റന്റ് എഞ്ചിനീയറും മൂന്ന് സബ് എഞ്ചിനീയർമാരും അനുബന്ധ സ്റ്റാഫും ഉണ്ടെങ്കിലും ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ്, കാഷ് കൗണ്ടർ, സബ് എൻജിനീയർ ഓഫീസ്, ബില്ലിംഗ് സെക്ഷൻ തുടങ്ങിയ സൗകര്യങ്ങളും മറ്റ് ഇതര സ്റ്റാഫിനുള്ള സൗകര്യങ്ങളുമാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്.
22,000 ത്തോളം ഉപഭോക്താക്കൾ
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന് പുറമെ പടന്നയുടെയും, വലിയപറമ്പ ദ്വീപ് പഞ്ചായത്തിലും ഭാഗികമായി വൈദ്യുതി വിതരണം എളമ്പച്ചി ഓഫീസ് കേന്ദ്രീകരിച്ചാണ് നടത്തുന്നത്. എളമ്പച്ചിയിലെ 33 കെ.വി സബ് സ്റ്റേഷനിൽ നിന്നും വിവിധ കപ്പാസിറ്റിയുള്ള 90 ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചാണ് ഇപ്പോൾ വൈദ്യുതി വിതരണം ചെയ്യുന്നത്. 22,000 ത്തോളം ഉപഭോക്താക്കളാണ് ഓഫീസിനു കീഴിലുള്ളത്.
;