angya-basha-class

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ബധിര അസോസിയേഷൻ ഹോസ്ദുർഗ് ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ പൊലീസ് ഉദ്യോഗസ്ഥർക്കായി ആംഗ്യഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്റ്റേഷൻ പരിധിയിൽ വിവിധ സാഹചര്യങ്ങളിൽ കണ്ടെത്തുന്ന ബധിരരായ ആളുകളുമായി ആശയ വിനിമയം നടത്തുന്നതിനും അവർക്ക് ആവശ്യമായ സഹായം നൽകുന്നതിനും പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ക്ലാസ് സബ്ബ് ഇൻസ്‌പെക്ടർ കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ബധിര അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് റഷാദ് അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് ഷക്കീർ, സി. രൂപേഷ് എന്നിവർ ക്ലാസെടുത്തു. കെ.ടി ജോഷിമോൻ, ഷനിൽ എന്നിവർ സംസാരിച്ചു.