ഇരിട്ടി: ഭൂമി ഉണ്ടായിട്ടും എട്ടു പതിറ്റാണ്ടായി അവകാശമില്ലാതെ താമസിച്ചു വന്ന മീത്തലെ പുന്നാട് മഠംപറമ്പ് കോളനിയിലെ കുടുംബങ്ങൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടൽ മൂലം ഭൂമിയുടെ അവകാശികളായി മാറുന്നു.
സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ പലർക്കും റേഷൻ കാർഡോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ ദുരിതമനുഭവിച്ച് വരികയായിരുന്നു കോളനിയിലെ എട്ടുവീടുകളിലായി താമസിക്കുന്ന 14 കുടുംബങ്ങൾ. വർഷങ്ങൾക്കു മുൻപ് നെല്ലാച്ചേരി കുടുംബം നൽകിയ ഒരേക്കർ ഭൂമിയിലാണ് വാക്കാൽ ലഭിച്ച അനുമതിയിൽ കുടുംബങ്ങൾ കഴിഞ്ഞുവന്നത്.
കോളനിയുടെ അടിസ്ഥാനസൗകര്യ വികസനം പരിശോധിക്കുന്നതിന്റെ ഭാഗമായി, ലീഗൽ സർവീസ് അതോറിറ്റി കോളനിയിൽ എത്തിയപ്പോഴാണ് ദുരിതാവസ്ഥ ബോദ്ധ്യമായത്. ഭൂമി സംബന്ധിച്ച രേഖ ലഭിക്കാത്തതുമൂലം കോളനിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വാർഡ് മെമ്പർ എ.കെ. ഷൈജു ലീഗൽ സർവീസ് അതോറിറ്റിയെ അറിയിച്ചതിനെത്തുടർന്ന് സൊസൈറ്റി ജഡ്ജ് വിൻസി ആൻ പീറ്റർ ജോസ് നേരിട്ട് കോളനിയിൽ എത്തുകയായിരുന്നു.

ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലിന്റെ ഭാഗമായി ഭൂമിയുടെ ഉടമാവകാശിയായ നെല്ലാച്ചേരി ലീലയിൽ നിന്നും, ലീഗൽ സർവീസസ് സൊസൈറ്റി ജഡ്ജ് വിൻസി ആൻ പീറ്റർ ജോസ് ഉടമാവകാശ സമ്മതപത്രം നേരിട്ടെത്തി വാങ്ങി.
കോളനിയിൽ നടന്ന ചടങ്ങിൽ സബ് ജഡ്ജ് നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാന് സമ്മത പത്രം കൈമാറി. ഭൂമി ലഭിക്കുന്നതോടെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കും. ഇതിനായി വിവിധ വകുപ്പുകളുടെ യോഗം വിളിക്കും. കോളനിയിലേക്കുള്ള റോഡ് നഗരസഭ ഗതാഗതയോഗ്യമാക്കും.

വീടുകൾ പരിതാപകരം
പലരുടെയും വീടുകൾ തകർന്നുവീഴാറായ നിലയിലാണ്. പോളിത്തീൻ ഷീറ്റും മറ്റും മറിച്ചു കെട്ടിയാണ് ഇവർ കഴിയുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ നഗരസഭയുടെയോ മറ്റ് സർക്കാർ സംവിധാനങ്ങളുടെയോ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

പടം..
മീത്തലെ പുന്നാട് മഠം പറമ്പ് കോളനിയിലെത്തിയ ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റി ജഡ്ജ് വിൻസി ആൻ പീറ്റർ ജോസ് വാർഡ് മെമ്പർ എ.കെ. ഷൈജു അടക്കമുള്ളവരുമായി സംസാരിക്കുന്നു