
പയ്യന്നൂർ: വ്യാജ ഡ്രൈവിംഗ് ലൈസൻസുമായി യുവാവ് പിടിയിൽ. വെങ്ങര സ്വദേശി സമീറാണ് ആർ.ടി.ഒ. അധികൃതരുടെ പിടിയിലായത്. പയ്യന്നൂർ ജോയിന്റ് ആർ.ടി.ഒ. പ്രദീപ്കുമാറിന്റെ നിദ്ദേശപ്രകാരം രാമന്തളി കുന്നരു ആയുർവേദ ആശുപത്രിക്കു സമീപം നടന്ന വാഹന പരിശോധനയിലാണ് സമീർ , വ്യാജ ഡ്രൈവിംഗ് ലൈസൻസുമായി പിടിയിലായത്. അമിത ശബ്ദത്തിലെത്തിയ ബുള്ളറ്റ് ബൈക്കിൻ്റെ സൈലൻസർ ആൾട്ടറേഷൻ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. വിശദമായി പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് തിരുവനന്തപുരം സ്വദേശിയുടെ പേരിലുള്ള ലൈസൻസ് നമ്പറിൽ വ്യാജ ലൈസൻസ് ഉണ്ടാക്കിയതായി ശ്രദ്ധയിൽപ്പെട്ടത്. ഇയാളെ വിശദമായ ചോദ്യം ചെയ്യുന്നതിനായി പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്തു.പയ്യന്നൂർ ആർ.ടി. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.ശ്രീനിവാസന്റെ നേതൃത്വത്തിൽ പയ്യന്നൂരിലും പരിസരങ്ങളിലും ദിവസങ്ങളായി വാഹന പരിശോധനകൾ നടന്നു വരികയാണ്. എ .എം.വി.ഐ. , ഇ.പി.ഹാരിസ്, ഡ്രൈവർ മജീദ് എന്നിവരും വാഹന പരിശോധനയിൽ പങ്കെടുത്തു.