അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ജംഗ്ഷൻ അപകടമേഖലയായി തുടരുമ്പോഴും സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെ പൊതുമരാമത്ത് വകുപ്പും പൊലീസും. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള മുഖ്യറോഡുകളിലൊന്നാണ് അഞ്ചരക്കണ്ടി - മട്ടന്നൂർ റോഡ്. ഈ റോഡിലെ പ്രധാന ജംഗ്ഷനുകളിലൊന്നാണ് അഞ്ചരക്കണ്ടി. കണ്ണൂർ ഭാഗത്തു നിന്നും ചക്കരക്കൽ വഴി വിമാനാത്താവളത്തിലേക്ക് പോകാനും ഈ റോഡ് തന്നെയാണ് ഏറെ പേർ ആശ്രയിക്കുന്നത്.
തലശ്ശേരി റോഡിൽ നിന്നും നിരവധി വാഹനങ്ങളാണ് ഇതുവഴി വരുന്നത്. ഇതുകൂടാതെ സ്വകാര്യബസുകൾ ഉൾപ്പെടെ നൂറിലേറെ വാഹനങ്ങൾ ഒരു ദിവസം ഇതുവഴി കടന്നുപോവുന്നുണ്ട്. എന്നാൽ ചെറുതും വലുതുമായ വാഹനങ്ങൾ അഞ്ചരക്കണ്ടി ജംഗ്ഷനിൽ നിന്നും കൂട്ടിയിടിച്ചു അപകടത്തിൽപ്പെടുമ്പോൾ മതിയായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെ അലംഭാവം കാണിക്കുകയാണ് അധികൃതർ ചെയ്യുന്നതെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആരോപണം. പൊലീസ് വാഹനങ്ങൾ വരെ ഇവിടെ മാസങ്ങൾക്കു മുൻപ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. നിരവധി കാറുകളും ബൈക്കുകളും നിയന്ത്രണം വിടുകയും മറ്റുവാഹനങ്ങൾക്ക് ഇടിക്കുകയും ചെയ്തു. ഇവിടെ സുരക്ഷാക്രമീകരണങ്ങളൊരുക്കാൻ ജീവൻ പൊലിയണമോയെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
പ്രവൃത്തി ദിനങ്ങളിൽ രാവിലെയും വൈകുന്നേരം നല്ല തിരക്കാണ് അഞ്ചരക്കണ്ടി ജംഗ്ഷനിലുണ്ടാകുന്നത്. നാലുഭാഗത്തേക്കും പോകേണ്ട ബസുകൾ നിർത്തുന്നതും ഇവിടെ തന്നെയാണ്. സ്‌കൂൾ വിദ്യാർത്ഥികൾ, സ്ത്രീകൾ, വയോജനങ്ങൾ എന്നിവർക്ക് കയറി നിൽക്കാൻ ഒരു ബസ് സ്‌റ്റോപ്പ് പോലും ഇവിടെയില്ല. അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നും വീതികുറഞ്ഞ റോഡിലൂടെ അതിവേഗം വരുന്ന വാഹനങ്ങൾ ജംഗ്ഷനെത്തിയാൽ നിയന്ത്രണം വിടുന്നതാണ് അപകടകാരണമായി മാറുന്നത്. ഇതു തടയുന്നതിനായി ഹംപ്, സിഗ്നൽ ലൈറ്റ്, റിഫ്ളക്ടർ, ഡിവൈഡർ എന്നിവ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പരിചയമില്ലായ്മ പ്രശ്നമാണ്..
കണ്ണൂർ വിമാനത്താവളത്തിലേക്കു പോകുന്ന ഡ്രൈവർമാരിൽ പലർക്കും അഞ്ചരക്കണ്ടി ജംഗ്ഷനിലെ അപകടക്കുരുക്ക് പരിചയമില്ലാത്തതു അപകടസാദ്ധ്യതകൂട്ടുന്നുണ്ട്. രാത്രികാലങ്ങളിലാണ് ഇവിടെ അപകടങ്ങൾ കൂടുന്നത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി ജനങ്ങൾ മുറവിളി കൂട്ടുമ്പോഴും ഒരു മുന്നറിയിപ്പു ബോർഡുപോലും ഇവിടെ സ്ഥാപിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് പരാതി.
അഞ്ചരക്കണ്ടി ജംഗ്ഷനിൽ തലനാരിഴയ്ക്കാണ് വൻ അപകടങ്ങൾ ഒഴിവാകുന്നത്. യാത്രക്കാരുടെയും നാട്ടുകാരും ഭാഗ്യം കൊണ്ടു മാത്രമാണിത്. കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും അപകടം പിടിച്ച ജംഗ്ഷനാണിത്. അനാസ്ഥ ഒഴിവാക്കി ഇനിയെങ്കിലും ഇവിടെ സുരക്ഷയൊരുക്കാൻ അധികൃതർ തയ്യാറാകണം.
പി.കെ സുനിൽകുമാർ, പ്രദേശവാസി