രാജപുരം: പട്ടികവർഗ ഊരുകളിലെ കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനായി ആവിഷ്‌കരിച്ച ഗോത്രസാരഥി പദ്ധതി വീണ്ടും അവതാളത്തിലാകുന്നു. മാസങ്ങളായി വാടക മുടങ്ങിയതോടെ പല വാഹനങ്ങളും ഓട്ടംനിർത്തി. കുട്ടികൾ വീണ്ടും പഴയപടി കിലോമീറ്ററുകൾ നടന്നുതന്നെ സ്‌കൂളിലെത്തേണ്ട അവസ്ഥയിലുമായി. ദുർഘടമായ വഴികളിലൂടെ കിലോമീറ്ററുകൾ നടക്കുന്നതിനൊപ്പം തെരുവുനായ്ക്കളും കാട്ടുപന്നികളും മുതൽ ആനയെ വരെ ഭയക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ കുട്ടികൾ.
നാലുമാസമായി വാടക മുടങ്ങിയതോടെ പലയിടങ്ങളിലും വാഹനങ്ങൾ ഓട്ടംനിർത്തിയ അവസ്ഥയിലാണ്. പെട്രോളടിക്കാൻപോലും കൈയിൽനിന്നും പണംമുടക്കിയാണ് ഇത്രനാൾ ഓടിയതെന്ന് ഡ്രൈവർമാർ പറയുന്നു. കുട്ടികളുടെ എണ്ണവും യാത്രചെയ്യാനുള്ള ദൂരവുമുൾപ്പെടെയുള്ള വിവരങ്ങൾ സ്‌കൂളുകളിൽനിന്നും കിട്ടാൻ വൈകിയതുമൂലമാണ് അതാതിടങ്ങളിലേക്ക് തുക അനുവദിക്കാൻ വൈകുന്നതെന്നാണ് ജില്ലാ ഓഫീസിൽനിന്നുള്ള വിവരം.
പല സ്‌കൂളുകളിൽ നിന്നും വിവരങ്ങൾ ലഭിച്ചുതുടങ്ങിയിട്ടേ ഉള്ളൂ. ബളാൽ പഞ്ചായത്തിൽ കഴിഞ്ഞ മാസം വരെയുള്ള കുടിശ്ശിക ജില്ലാ പഞ്ചായത്ത് ഇടപെട്ട് ഓണത്തിനുമുമ്പ് കൊടുത്തുതീർത്തിരുന്നു. മാലോത്ത് കസബ അടക്കമുള്ള സ്‌കൂളുകളിലേക്കുള്ള വാഹനങ്ങൾ ഇപ്പോഴും ഓടുന്നുണ്ട്. എങ്കിലും ഇനി എന്നാകും തുക ലഭിക്കുകയെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ലെന്ന് ഡ്രൈവർമാർ പറയുന്നു. അല്പം വൈകിയാലും വാടക കിട്ടുമെന്ന പ്രതീക്ഷയിൽ കൈയിൽ നിന്നും പണം മുടക്കി പെട്രോളടിക്കുകയാണ്. അനുവദിച്ച ഫണ്ട് അടിയന്തരമായി ലഭ്യമാക്കി വാഹനങ്ങൾ വീണ്ടും ഓടിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ നേരിട്ടുള്ള സമരപരിപാടികളിലേക്ക് കടക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം.
പനത്തടി പഞ്ചായത്തിൽ വനാതിർത്തിയിലെ ഗോത്രവർഗ മേഖലകളിൽനിന്നും ഏഴ് കിലോമീറ്ററോളം നടന്നാണ് കുട്ടികൾ ബളാന്തോട് ഗവ. സ്‌കൂളിലേക്ക് പോകുന്നത്. പദ്ധതിക്കായി പട്ടികവർഗ വികസനവകുപ്പ് വകയിരുത്തിയ ഫണ്ട് നേരത്തേ ജില്ലയിലേക്ക് അനുവദിച്ചിട്ടുണ്ടെന്നാണ് ജോയിന്റ് ഡയരക്ടറുമായി ബന്ധപ്പെട്ടപ്പോൾ അറിയാനായത്.
ഊരുമൂപ്പൻ ശ്രീകാന്ത്