 
പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 17ന്
പഴയങ്ങാടി: ചൂട്ടാട് പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടി ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 17ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. അഴിമുഖത്ത് മണൽ അടിഞ്ഞുകൂടി മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ അപകടത്തിൽപ്പെടുന്നതിന് ശാശ്വത പരിഹാരമായി പുലിമുട്ട് മാറും. പ്രാരംഭഘട്ട പ്രവർത്തനമായി കല്ലുകളുടെ ഭാരം കണക്കാക്കുന്നതിനുള്ള വേവ് മെഷീൻ സ്റ്റാന്റ് നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്.
കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലത്തിൽപ്പെട്ട ചൂടാട് പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തിക്ക് റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി 2021 ഫെബ്രുവരിയിൽ 28.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
സി.ആർ.സെഡ് അനുമതി ലഭിച്ച സാഹചര്യത്തിലാണ് പ്രവൃത്തി ആരംഭിക്കുന്നത്. എം.വിജിൻ എം.എൽ.എയും റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഉദ്യോഗസ്ഥരും ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിച്ചിരുന്നു. ഈ മേഖലയിൽ ബോട്ടപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ശാശ്വത പരിഹാരം കാണാനാണ് പുലിമുട്ടിന് സർക്കാർ ഫണ്ട് അനുവദിച്ചത്. എം.എൽ.എമാരായ എം. വിജിൻ, ടി.ഐ മധുസൂദനൻ എന്നിവർ നിരന്തര ഇടപെടലാണ് പദ്ധതിക്കായി നടത്തിയത്.
തുറമുഖങ്ങളെയും തുറമുഖ കവാടങ്ങളേയും തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറയാണ് പുലിമുട്ട്. പുതിയങ്ങാടി ചൂട്ടാട് പാലക്കോട് അഴിമുഖത്തിന് വടക്കും, തെക്കും ഭാഗങ്ങളിൽ 365 മീറ്റർ, 210 മീറ്റർ നീളത്തിൽ കടലിലേക്ക് രണ്ട് പുലിമുട്ട് നിർമ്മാണവും പാലക്കോട് പുഴയുടെ വടക്ക് ഭാഗത്ത് ഉള്ളിലേക്ക് 100 മീറ്റർ, തെക്ക് ഭാഗത്ത് 95 മീറ്റർ എന്നിങ്ങനെ രണ്ട് പുലിമുട്ടുകളും ചൂട്ടാട് ഭാഗത്ത് 500 മീറ്റർ നീളത്തിൽ പുഴ സംരക്ഷണ പ്രവൃത്തിയും ഉൾപ്പെടുന്നതാണ് പദ്ധതി.
നിർമ്മാണം പൂർത്തിയാകുന്നതോടെ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് വലിയ ആശ്വാസമാകും.
എം.വിജിൻ എം.എൽ.എ