കാഞ്ഞങ്ങാട്: നഗരസഭയിൽ ചികിത്സാ സൗകര്യങ്ങൾ പരിമിതമായ മൂന്നു കേന്ദ്രങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രങ്ങൾ തുറക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. പുതുക്കൈ, പടന്നക്കാട്, ആവിക്കര എന്നിവിടങ്ങളിലാണ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കുക.
ഒരു ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, രണ്ട് കീഴ് ജീവനക്കാർ എന്നിവർ വീതം കേന്ദ്രങ്ങളിലുണ്ടാവും. ഈ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി വിദഗ്ധ ഡോക്ടറുടെ സേവനം ഉറപ്പാക്കുന്ന പോളി ക്ലീനിക്കും വൈകാതെ പ്രവർത്തനമാരംഭിക്കും.
ആരോഗ്യ പരിരക്ഷ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നഗരസഭയ്ക്ക് 2021-22 വർഷത്തേക്ക് 58 ലക്ഷം രൂപയും 2022-23 വർഷം മുതൽ 254.34 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൗൺസിൽ യോഗത്തിൽ ഡി.എം.ഒയുടെ പ്രതിനിധി ഡോ. പ്രസാദ് പദ്ധതി വിശദീകരിച്ചു.
നഗരസഭ പരിധിയിൽ എത്ര ഇറച്ചി കോഴിക്കടകളുണ്ടെന്ന കൗൺസിലർ വി.വി രമേശന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാത്ത ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നടപടിയിൽ കൗൺസിലർമാർ പ്രതിഷേധിച്ചു. കോഴിയുടെ അറവുമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സർക്കാർ ചുമതലപ്പെടുത്തിയ കമ്പനിയുമായി 30-നകം നഗരസഭ കരാറിൽ ഏർപ്പെടും. നിശ്ചിത ഫീസടച്ച് സംസ്കരണ കമ്പനിയുമായി കോഴിഉടമകളും കരാറിലേർപ്പെടണം.
ഓരോ കിലോ മാലിന്യത്തിനും കടയുടമകൾ ഏഴു രൂപ വീതം നൽണം. അല്ലാത്ത കടയുടമകൾക്ക് ലൈസൻസ് പുതുക്കി നൽകില്ല. അറവുമാലിന്യ സംസ്കരണ സംവിധാനം കർശനമായി നടപ്പാക്കുമെന്ന് ചെയർപേഴ്സൺ കെ.വി സുജാത ഉറപ്പു നൽകി. വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള, രാധാകൃഷ്ണൻ പുതുക്കൈ, ടി.കെ സുമയ്യ, കെ.കെ. ജാഫർ, രവീന്ദ്രൻ പുതുക്കൈ, അലി ആറങ്ങാടി അബ്ദുൾ റഹ്മാൻ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.