കാസർകോട് :ലോക വിനോദസഞ്ചാര ദിനത്തിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ കേരള ടൂറിസം വകുപ്പ് അംഗീകൃത ഗൈഡ് നിർമ്മേഷ് കുമാറിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പൈതൃകം നടത്തം വേറിട്ട അനുഭവമായി. ചരിത്രകാരൻ ഡോ.സി.ബാലന്റെ നേതൃത്വത്തിലായിരുന്നു പൈതൃകനടത്തം സംഘടിപ്പിച്ചത്.
മുപ്പതേക്കറിൽ വ്യാപിച്ചുകിടക്കുന്ന ബേക്കൽ കോട്ടയുടെ ചരിത്രത്തിലേക്ക് വഴി തുറക്കുന്നതായിരുന്നു പൈതൃകം നടത്തം. ഇക്കേരി രാജവംശത്തിലെ ഹിരിയ വെങ്കിടപ്പ നായിക്കിൽ തുടങ്ങി മൈസൂർ ഭരണാധികാരികളിലേക്കും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭാഗമായി കോട്ടമാറിയതുമെല്ലാം സവിസ്തരം ഡോ.സി.ബാലൻ വിശദീകരിച്ചു. സ്വാതന്ത്രാനന്തരം 1956 ൽ സംസ്ഥാനങ്ങളുടെ രൂപീകരണവേളയിലാണ് കോട്ട കേരളത്തിന്റെ ഭാഗമായത്.
1992 ൽ കേന്ദ്ര സർക്കാർ കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയായി പ്രഖ്യാപിച്ചതിനെ തുടർന്ന്, രാജ്യത്തെ ഏറ്റവും പ്രധാന കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറിയതുമെല്ലാം പൈതൃക നടത്തത്തിനെത്തിയ പുതു തലമുറക്ക് ചരിത്രാദ്ധ്യാപകൻ പകർന്നുകൊടുത്തു.
ബേക്കലിന്റെ പരിസരങ്ങളിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും നടന്നുവരുന്ന ടൂറിസം പദ്ധതികളെ കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽസെക്രട്ടറി ലിജോ ജോസഫ് വിശദീകരിച്ചു.മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ.കോളേജ്, പെരിയ കേന്ദ്ര സർവ്വകലാശാല, ചട്ടഞ്ചാൽ എം.ഐ.സി.കോളേജ്, ഉദുമ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ട്, പെരിയ ഗവ.പോളിടെക്നിക്ക് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് പൈതൃക നടത്തത്തിൽ പങ്കെടുത്തത്.
ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.ഹുസൈൻ, ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കൺസർവേഷൻ അസിസ്റ്റന്റ് പി.വി.ഷാജു, ബി.ആർ.ഡി.സി മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, ബി.എം.സാദിഖ്, സൈഫുദ്ധീൻ കളനാട് തുടങ്ങിയവർ പങ്കെടുത്തു.