കാസർകോട്: വ്യാപാരി ക്ഷേമബോഡിൽ നിന്ന് വ്യാപാരികൾക്ക് നൽകി വരുന്ന ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 1300 രൂപയായി വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വ്യാപാരികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാവാത്തതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ദേശീയപാത വികസനത്തോടനുബന്ധിച്ച് നിരവധി വ്യാപാരസ്ഥാപനങ്ങൾ യാതൊരു നഷ്ടപരിഹാരവും ലഭിക്കാതെ ഒഴിഞ്ഞുകൊടുത്ത വിഭാഗമാണ് വ്യാപാരികൾ. കൂടാതെ വ്യാപാരികൾക്ക് ആശങ്ക ഉണ്ടാക്കും വിധത്തിൽ പല സ്ഥലത്തും റോഡുകൾ ഉയർത്തിയും ചില സ്ഥലത്ത് താഴ്ത്തിയും നിർമ്മിക്കുന്നതു കാരണം റോഡിൽ നിന്ന് കടകളിലേക്ക് പോകാൻ സാധിക്കാത്ത സ്ഥിതി വിശേഷമാണ്. ദേശീയപാതയിൽ നിന്ന് ഇരുവശങ്ങളിലെ കടകളിലേക്കും പോകുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കണം. കട നഷ്ടപ്പെട്ട വ്യാപാരികൾക്കും തൊഴിലാളികൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി.എസ്.ടിയുടെ പേരിലുള്ള കേന്ദ്ര സർക്കാറിന്റെ ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും അശാസ്ത്രീയമായ വൈദ്യുത ചാർജ്ജ് വർദ്ധനവ് പിൻവലിക്കണമെന്നും രാജു അപ്സര പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ വൈസ് പ്രസിഡന്റുമാരായ കെ. അഹമ്മദ് ഷെരീഫ്, പി.സി ജേക്കബ്, എ.ജെ ഷാജഹാൻ, സെക്രട്ടറി ദേവരാജൻ എന്നിവരും പങ്കെടുത്തു.