കാസർകോട്: ആളുകൾ നാടകം കാണണമെന്ന് ആഗ്രഹിച്ചാൽ തന്നെ നല്ല നാടകങ്ങൾ ഉണ്ടാകുന്നില്ലെന്ന് എൻ.എൻ പിള്ള സ്മാരക പുരസ്‌ക്കാര പ്രഖ്യാപനത്തിന് കാസർകോട് എത്തിയ നടൻ വിജയരാഘവൻ പറഞ്ഞു. കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനേതാക്കളും ഉണ്ടാകുന്നില്ല. ഒരു വിധം തകർച്ചയിൽ നിന്ന് രക്ഷപെട്ടു പിടിച്ചുനിന്നത് ഞാനും മുകേഷും മാത്രമാണ്. മികച്ച നാടകങ്ങളുടെ എഴുത്തും ഉണ്ടാകാത്തത് പ്രശ്നമാണ്.
മുമ്പ് നാലും അഞ്ചും നാടകങ്ങൾ ദിവസങ്ങൾക്കകം എഴുതിയ നാടകകൃത്തുക്കൾ ഉണ്ടായിരുന്നു. അതെല്ലാം പഴയകാലത്തെ ഓർമ്മകളും അനുഭവങ്ങളും മാത്രമായി മാറി. കേരളത്തിലെ പ്രൊഫഷണൽ നാടക സംഘങ്ങളൊക്കെ പൊട്ടിപ്പോയി. നിസാര കാരണങ്ങളുടെ പേരിലും പെണ്ണുങ്ങളുടെ പ്രണയത്തിന്റെ പേരിൽ പോലും തല്ലിപ്പിരിഞ്ഞ നാടക സംഘങ്ങൾ എത്രയോ ഉണ്ടായി. മികച്ച നാടക പ്രവർത്തകരിൽ പലരുടെയും കുടുംബം തന്നെ തകർന്നുപോയി.
നാടക കലാകാരന്മാരുടെ കാര്യവും സങ്കടകരമാണ്. വളരെ മോശമായ അവരുടെ അവസ്ഥയെ കുറിച്ച് പറയാൻ ഒരു സംഘടന പോലുമില്ല. നാടക പ്രവർത്തകരുടെ സങ്കടം ആരു പറയും. സംഘടന മുഖേന പറയാൻ ഞാൻ ശോഭ ബാലനോട് പറഞ്ഞിരിക്കുകയാണ്. സർക്കാരുകൾ നാടകത്തെയും നാടക കലാകാരന്മാരെയും അവഗണിക്കുന്നു. കായിക മേഖലക്ക് നൽകുന്ന പരിഗണന നാടകങ്ങൾക്ക് കിട്ടുന്നില്ല. മാർക്കും സർട്ടിഫിക്കറ്റും കിട്ടുമെന്നതിനാൽ കായിക മേഖലയിലേക്ക് വിദ്യാർത്ഥികളും യുവാക്കളും പോകും. നാടകത്തിൽ വന്നിട്ട് ആർക്ക് എന്ത് കിട്ടാനാണ് അല്ലേ..? നാടകങ്ങളുടെ പരാജയത്തിന് ഭാഷയും ഒരു കാരണമായിട്ടുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിൽ ഭാഷയുടെ ശൈലി വ്യത്യസ്തമാണ്. ഭാഷ എളുപ്പം പിടികിട്ടാത്തതിനാൽ നാടകത്തിന്റെ സന്ദേശം മനസിലാകില്ല. എന്നാലിപ്പോൾ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നതിനാൽ ഭാഷ മനസിലാകുന്നുണ്ട്. 'എന്നാ താൻ കേസ് കൊട് ' സിനിമ വിജയിച്ചത് നാട്ടുമ്പുറത്തെ ഭാഷയുടെ വ്യക്തത കൊണ്ടാണ്. കോഴിക്കോട് പണ്ടൊരു രസകരമായ നാടകം അഭിനയിച്ചതിന്റെ അനുഭവവും വിജയരാഘവൻ പങ്കുവെച്ചു. ഒരു മുസ്ലിം കുടുംബത്തിന്റെ ജീവിതമായിരുന്നു നാടകം. കോഴിക്കോട് നല്ല സ്വീകാര്യത ലഭിച്ച നാടകം കോട്ടയത്തു കളിച്ചപ്പോൾ നാടകം കണ്ട ഞാനും അച്ഛനും ചിറ്റയും ചിരിച്ചു കൈയടിച്ചു. നാടകം കണ്ടിരുന്ന മറ്റുള്ളവർ അനങ്ങാതെ ഇരിക്കുന്നതാണ് കണ്ടത്. ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.