കാസർകോട്: ജനറൽ ആശുപത്രിയിൽ ഒരു ഫോറൻസിക് സർജ്ജനെ കൂടി ജോലി ക്രമീകരണാടി സ്ഥാനത്തിൽ നിയമിച്ചു. ടാറ്റാ ഹോസ്പിറ്റലിലെ ഡോ. റെയ്ച്ചൽ ജോണിയെയാണ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ഫോറൻസിക് സർജ്ജനായി നിയമിച്ചത്. പോസ്റ്റ് മോർട്ടം രാത്രി കാലങ്ങളിലും നടക്കാൻ ഈ ജോലി ക്രമീകരണം സഹായകരമാകും.
രാത്രി കാലങ്ങളിലും പോസ്റ്റ്മോർട്ടം ചെയ്യാൻ കൂടുതൽ വിദഗ്ദ്ധ ഡോക്ടർമാരെ (ഫോറൻസിക് സർജ്ജൻ) നിയമിക്കണമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ ജനറൽ ആശുപത്രിയുടെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജമാൽ അഹമദ് ഉൾപ്പടെയുള്ള സംഘടനയുടെ സംസ്ഥാന നേതാക്കൾ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ചെന്ന് ഹെൽത്ത് സെക്രട്ടറിയെയും ഡി.എച്ച്. എസിനെയും നേരിട്ട് കാണുകയും കത്ത് നൽകുകയും ചെയ്തിരുന്നു.
ഇതോടെയാണ് ടാറ്റാ ഹോസ്പിറ്റിലിലെ അസിസ്റ്റന്റ് സർജ്ജനെ ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്യാൻ നിയോഗിച്ച് ഡി.എച്ച്.എസിന്റെ ഉത്തരവുണ്ടായത്. ഇതോടെ ജനറൽ ആശുപത്രിയിലെ രാത്രി കാല പോസ്റ്റ്മോർട്ടം എന്ന വിഷയത്തിന് താൽക്കാലിക പരിഹാരമായി. ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജ്ജനെ താൽക്കാലികമായി നിയമിച്ച പശ്ചാത്തലത്തിൽ രാത്രി കാലങ്ങളിൽ പോസ്റ്റ്മോർട്ടം നിർത്തിവച്ചതിനെതിരായ പ്രതിഷേധ സമരം പിൻവലിച്ചതായി കെ.ജി.എം.ഒ.എ ജില്ല പ്രസിഡന്റ് ഡോ.സി.എം കായിത്തിയും സെക്രട്ടറി ഡോ. രാജു മാത്യു സിറിയക്കും അറിയിച്ചു.