കണിച്ചാർ: ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മണ്ണ് പരിശോധനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തി. ജില്ല സോയിൽ കൺസർവേഷൻ അസിസ്റ്റന്റ് എൻജിനീയർ ഷംല, സോയിൽ സർവേ ഓഫീസർ നിധിൻ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രങ്ങളിലുൾപ്പെടെയായിരുന്നു പരിശോധന. പരിശോധനയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ഷോജറ്റ് ചന്ദ്രക്കുന്നേൽ, കെ.കെ. സുജേഷ്, അനൂപ് തുടങ്ങിയവരുമുണ്ടായിരുന്നു.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കണിച്ചാർ പഞ്ചായത്ത് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന ദുരന്തനിവാരണ സമിതി ഉന്നത ഉദ്യോഗസ്ഥർ കണിച്ചാർ പഞ്ചായത്തിൽ എത്തി വിവിധ പ്രദേശങ്ങളിൽ പഠനം നടത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിന്നൊന്നുമണിയോടെ ആദ്യം നിടുംപുറംചാൽ മേഖലയിലെത്തിയ സംഘം ഉരുൾപൊട്ടലിൽ തകർന്ന നെല്ലാനിക്കൽ ഐസക്കിന്റെ വീട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി. തുടർന്ന് സംസ്ഥാന പാതയായ നിടുംപൊയിൽ - മാനന്തവാടി റോഡിൽ ഉരുൾപൊട്ടലുണ്ടായ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ജനപ്രതിനിധികളോടും പരാതിക്കാരോടും പ്രദേശവാസികളോടും വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചു കൊണ്ടാണ് പരിശോധന നടത്തിയത്.
ദുരന്ത നിവാരണ സമിതിക്ക്
പിന്നാലെ..
ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായിരുന്നു ദുരന്ത നിവാരണ സമിതി ഉദ്യോഗസ്ഥരുടെ പരിശോധന. ഇവരുടെ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദുരിത ബാധിതർക്ക് കൂടുതൽ സഹായങ്ങൾ ലഭ്യമാകുക. തുടർച്ചയായുള്ള ഉരുൾപൊട്ടലിന്റെ കാരണം കണ്ടെത്താൻ
കൂടുതൽ പരിശോധനകൾ വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചതിന്റെ ഭാഗമായാണ് ഇന്നലെ മണ്ണ് പരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിലും പരിശോധന നടത്തിയത്.