മാഹി: കേരള നദീ സംരക്ഷണ സമിതിയും മയ്യഴിപ്പുഴ സംരക്ഷണ സമിതിയും ചേർന്ന് കേരള സംസ്ഥാന തലത്തിലും മാഹിയിലുമായി 21ന് ആരംഭിച്ച നദീ ദ്വൈവാരാചരണത്തിന്റെ സമാപനം മൂന്നിന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ഉദ്ഘാടനം ചെയ്യും. മാഹി ഇ. വത്സരാജ് ജൂബിലി ഹാളിലെ പ്രൊഫ. സീതാരാമൻ നഗറിൽ രാവിലെ 9:30 മണി മുതലാണ് പരിപാടികൾ.
തെളിനീരൊഴുകുന്ന മാലിന്യമുക്ത മയ്യഴിപ്പുഴക്കായി, പുഴയൊഴുകുന്ന 15 പഞ്ചായത്തുകളുടെയും രണ്ട് നഗരസഭകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ഹരിത ക്ലാസ് മുറികളിലൂടെ ഹരിത ഭവനം' പദ്ധതിയുടെ പ്രഖ്യാപനം മേധാപട്കർ നടത്തും.
ഇന്ന് രാവിലെ 10 മണിക്ക്, മാഹി ഗവ. എൽ.പി സ്‌കൂളിൽ നടത്തുന്ന ചിത്രപ്രദർശനം എഴുത്തുകാരനും ഐ.എസ്.ആ.ർഒ ശാത്രജ്ഞനുമായിരുന്ന ജോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് സാഹിത്യ സമ്മേളനം നോവലിസ്റ്റ് എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് മാഹി പാലത്തിന് സമീപം ന്യൂ മാഹിയിൽ ചിരാത് തെളിയിച്ച് തെളിനീർ ചങ്ങല തീർത്ത് നദീദിന പ്രതിജ്ഞയെടുക്കും. വാർത്താ സമ്മേളനത്തിൽ ചീഫ് കോ ഓർഡിനേറ്റർ സി.കെ രാജലക്ഷ്മി, വർക്കിംഗ് ചെയർമാൻ ഷൗക്കത്ത് അലി എരോത്ത് എന്നിവർ സംബന്ധിച്ചു.