പയ്യന്നൂർ: നഗരസഭയിൽ അതി ദരിദ്രരുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് പട്ടികയിൽ ഉൾപ്പെട്ടവരുടെ വ്യക്തിപരമായി മൈക്രോ പ്ലാൻ തയ്യാറാക്കുന്ന പ്രവൃത്തികൾ പൂർത്തിയായതായും വിവരങ്ങൾ ക്രോഡീകരിക്കുന്ന നടപടികൾ നടന്ന് വരുന്നതായും ചെയർപേഴ്സൺ കെ.വി. ലളിത നഗരസഭ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. നഗരസഭാ പരിധിയിൽ 51 പേർ അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുന്നവരാണ്.
ഇവരിൽ പലരും വ്യക്തിപരമായി പലവിധ പ്രയാസങ്ങൾ നേരിടുന്നവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ചിലർക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. മറ്റ് ചിലർക്ക് റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടേഴ്സ് ഐ.ഡി. തുടങ്ങിയവ ഇല്ലായ്മ , തുടങ്ങിയവയാണ് പലരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ. പല വകുപ്പുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്നങ്ങൾ ആയത് കൊണ്ട് തന്നെ, പ്രശ്ന പരിഹാരത്തിനായി വിവിധ വകുപ്പ് തലവൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് അടുത്ത ദിവസം തന്നെ പ്രശ്ന പരിഹാരം കണ്ടെത്തുന്നതിനായി ശിൽപശാല സംഘടിപ്പിക്കും. നഗരസഭ ബൈപാസ് റോഡ് റീ ടാറിംഗിന് രണ്ട് റീച്ചുകളായി 37.20 ലക്ഷം രൂപക്ക് ടെണ്ടർ നൽകിയിട്ടുണ്ട്. കലാവസ്ഥ വ്യതിയാനം മൂലമാണ് പ്രവൃത്തി തുടങ്ങുവാൻ താമസിക്കുന്നതെന്നു ചെയർപേഴ്സൺ പറഞ്ഞു . നഗരസഭ വാർഡ് തല ലഹരി വിരുദ്ധ സെമിനാർ നാളെ ഗാന്ധിജയന്തി ദിനത്തിൽ എല്ലാ വാർഡുകളിലും രാവിലെ 9.30ന് നടക്കും. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുന്ന സെമിനാർ ഓൺലൈനായി പ്രദർശിപ്പിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും.
നഗരസഭ നിർമ്മിച്ച ഗ്യാസ് ക്രമിറ്റോറിയം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരടു ബൈലോവിന് ഇതുവരെ ആക്ഷേപമൊന്നും ലഭിക്കാത്തതിനാൽ ബൈലോ സർക്കാർ അനുമതിക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു. കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു.