പട്ടുവം: കതിരിട്ട പട്ടുവം നെൽപ്പാടത്തിന്റെ അഴക് ആസ്വദിക്കാനും സെൽഫിയെടുക്കാനുമെത്തുന്നവർക്ക് ചൂടേറിയ വിഭവങ്ങളും ആസ്വദിക്കാം. പട്ടുവം പാതയോരത്ത് കാവുങ്കലിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ ഒരുക്കുന്ന സായാഹ്ന കേന്ദ്രമാണ് ഇഷ്ട വിഭവങ്ങൾ തയ്യാറാക്കി സഞ്ചാരികളെ മാടിവിളിക്കുന്നത്. 'പാഡി 360" എന്ന് പേരിട്ടിരിക്കുന്ന കേന്ദ്രത്തിൽ ദിവസേന നിരവധി പേരാണെത്തുന്നത്.
വാഹനങ്ങളുടെ ഇരമ്പലോ പൊടി ശല്യമോ ഇല്ലാതെ തികച്ചും പ്രകൃതിസൗഹൃദ അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കൊവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിനിടെയാണ് കാവുങ്കൽ 'പൂമ്പാറ്റ" സ്വാശ്രയ സംഘം പ്രവർത്തകർ ഇങ്ങനെ ഒരു സംരംഭത്തിന് രൂപം നല്കിയത്. വിശാലമായ നെൽപാടത്തിന്റെ കാഴ്ച മാത്രമല്ല ഇവിടെ സഞ്ചാരികളെ സ്വീകരിക്കുന്നത് കതിരിട്ട നെല്ലിന്റെ പൂമ്പൊടി പരത്തുന്ന സുഗന്ധവും ഏഴിമലയെ തലോടി എത്തുന്ന ഔഷധക്കാറ്റുമുണ്ട്.
ആവശ്യക്കാർക്കു ഇഷ്ടവിഭവങ്ങൾ കൺമുമ്പിൽ വച്ച് തന്നെ തയ്യാറാക്കി കൊടുക്കുന്നു. ഒരു പിക്കപ്പ് വാനാണ് കേന്ദ്രത്തിന്റെ അടുക്കള. ഇതിൽ പണ്ടാരിക്കു മാത്രമേ പ്രവേശനമുള്ളൂ. വൈകുന്നേരം നാലു മണി ആകുമ്പോഴേക്കും 'പാഡി 360" സജീവമാകുന്നു.