കൊട്ടിയൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുന്ന നിർദ്ദിഷ്ട അമ്പായത്തോട്–പേരാവൂർ–മട്ടന്നൂർ റോഡിന്റെ അതിർത്തികളിൽ കല്ല് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. അമ്പായത്തോട് ടൗണിൽ നിന്നാണ് റോഡിന്റെ അതിർത്തി നിർണ്ണയിക്കുന്ന സ്ഥലങ്ങളിൽ കല്ലുകൾ സ്ഥാപിച്ചു തുടങ്ങിയത്.
ആദ്യഘട്ടമെന്ന നിലയിൽ അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ 40 കിലോമീറ്റർ ദൂരത്തിലാണ് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാതയുടെ നിർമ്മാണം. അമ്പായത്തോട് നിന്ന് ബോയ്സ് ടൗൺ വരെയുള്ള ഭാഗവും അവിടെ നിന്ന് മാനന്തവാടി വരെയുള്ള ഭാഗവും നിലവിൽ രണ്ടുവരിയായി മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു.
ഒന്നര മാസം കൊണ്ട് കല്ലിടുന്ന പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യം. ഇന്നലെ രാവിലെ അമ്പായത്തോട് ടൗണിൽ നിന്നാണ് കല്ലിടൽ ആരംഭിച്ചത്. ആദ്യം അതിർത്തി അളന്നു തിട്ടപ്പെടുത്തിയ ശേഷം മാർക്ക് ചെയ്തു. റോഡിന്റെ വീതി 24 മീറ്ററും കല്ലിൽ നിന്നും അടുത്ത കല്ലിലേക്കുള്ള ദൂരം 20 മീറ്ററും വരുന്നതിന് അനുസരിച്ചുള്ള സ്ഥലത്താണ് കല്ലുകൾ സ്ഥാപിച്ചത്. കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എ. സജിത്ത്, അസിസ്റ്റന്റ് എൻജിനീയർ ടി.കെ റോജി, പ്രോജക്ട് ഓഫീസർമാരായ എസ്.ആർ ശ്രീക്കുട്ടൻ, ഡിജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കല്ലിടൽ പ്രവൃത്തി. മട്ടന്നൂരിലുള്ള മിഥുൻ വിശ്വനാഥിന്റെ നേതൃത്വത്തിൽ പത്തോളം പേരാണ് കല്ലുകൾ സ്ഥാപിക്കുന്നത്. പഞ്ചായത്തംഗം ഷാജി പൊട്ടയിൽ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
റിപ്പോർട്ട് മുഴുവൻ സർക്കാരിലേക്ക് പോയതിനു ശേഷം മാത്രമായിരിക്കും നഷ്ടപരിഹാരം സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് വ്യക്തത ഉണ്ടാകൂ. റോഡ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കണമെന്നും നിർമ്മാണം പൂർത്തിയാകുന്നതിലൂടെ നാടിന്റെ വികസനമാണ് മുന്നോട്ട് വെയ്ക്കുന്നതെന്നും പ്രദേശവാസിയായ ജിൽസ്. എം. മേക്കൽ പറഞ്ഞു. അമ്പായത്തോട്–മട്ടന്നൂർ നാലുവരിപ്പാതയ്ക്കായി റോഡുകളുടെ അതിർത്തികളിൽ കല്ല് സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയതിലൂടെ സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ ആരംഭിച്ച് റോഡ് പ്രവൃത്തി 2025 ഓടെ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.
കല്ലിടൽ പ്രവൃത്തി പൂർത്തീകരിച്ച ശേഷം സ്ഥലം ഏറ്റെടുക്കുന്നതിനായി റവന്യൂ അധികൃതർ വന്ന് ഓരോ പോയിന്റും പരിശോധിച്ച് സർവേ നമ്പറും കേരള റോഡ് ഫണ്ട് ബോർഡ് കൊടുത്ത വിശദ വിവരങ്ങളും പരിശോധിച്ച് ഫോർ വൺ നോട്ടിഫിക്കേഷനും സാമൂഹിക ആഘാത പഠനവും സർവേയും പൂർത്തീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എ. സജിത്ത്
കേരള റോഡ് ഫണ്ട് ബോർഡ്
24 മീറ്റർ വീതിയിൽ നാലുവരിപ്പാതയാണ് നിർമ്മിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ 30 മീറ്റർ വരെ വേണ്ടി വന്നേക്കാം.
1700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥലമെടുപ്പിനും പുനരധിവാസത്തിനുമായി 900 കോടി രൂപ വകയിരുത്തും.
800 കോടി രൂപ നിർമ്മാണത്തിനാണ്. കേളകം, പേരാവൂർ, മാലൂർ എന്നിവടങ്ങളിൽ ബൈപ്പാസുകൾ ഉണ്ടാകും.