panikker
panikker

കോഴിക്കോട്: കാലഗണനയും സമയഗണനയും വിചിന്തനം ചെയ്ത് ജാതകം കുറിക്കാൻ ജ്യോതിഷാലയത്തിന് മുന്നിൽ കാത്തുനിൽക്കുന്നവരുടെ നീണ്ട നിര അവസാനിച്ചാൽ ബേപ്പൂർ മുരളീധരപണിക്കർ തന്റെ എഴുത്തുപുരയിലേക്ക് കടക്കുകയായി. എഴുത്തെന്ന സപര്യയിൽ നാൽപത് വർഷം പിന്നിടുമ്പോൾ 57 സാഹിത്യസൃഷ്ടികളാണ് അദ്ദേഹത്തിന്റേതായി പിറന്നുവീണത്. നോവലായും കവിതയായും സമൂഹത്തിന് മുന്നിൽ പിടിച്ച കണ്ണാടി പോലെ ഓരോ കലാസൃഷ്ടിയും വിളങ്ങുന്നു.
എഴുത്തിലേക്ക് നന്നേ ചെറുപ്പത്തിൽ തന്നെ ആകർഷിക്കപ്പെട്ടതാണ് മുളീധരപണിക്കരുടെ ജീവിതം. ബേപ്പൂർ യുവഭാവന ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു നാടകം വേണമെന്ന് സംഘാടകസമിതി ആവശ്യപ്പെട്ടപ്പോൾ 12ാം വയസിൽ ഒരു സങ്കോചവും കൂടാതെ ഒരു നാടകമെഴുതി. അതായിരുന്നു തുടക്കം. പിന്നീട് എഴുത്തും വായനയുമായി ലൈബ്രറിയെ ചുറ്റിപ്പറ്റിയുള്ള ജീവിതം. അവിടെ നിന്നുള്ള വായന പുതിയ എഴുത്തിന്റെ സാദ്ധ്യതകളെ കരുപിടിപ്പിച്ചു. വായിച്ചും എഴുതിയും തന്നിലെ എഴുത്തുകാരനെ പ്രതിഫലിപ്പിച്ചുകൊണ്ടേയിരുന്നു. കുലത്തൊഴിലായ ജ്യോതിഷം അച്ഛൻ ഭാസ്‌കരപണിക്കരുടെ നിർബന്ധത്തിന് വഴങ്ങി തെരഞ്ഞെടുക്കേണ്ടിവന്നെങ്കിലും, അത് പിന്നീടൊരു അനുഗ്രഹമായി. തന്റെ മുന്നിൽ വന്ന നിരവധി ജീവിതങ്ങൾ സർഗസൃഷ്ടിയിലേക്ക് സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എഴുതിയതിലേറെയും പച്ചയായ മനുഷ്യജീവിതങ്ങളുടെ കഥകളാണ്.
പ്രണയവും, ജാതീയതയും വർഗീയതയും ഉച്ചനീചത്വങ്ങളുമൊക്കെതന്നെയാണ് കഥകൾക്കൊക്കെ ഇതിവൃത്തമായി മാറിയത്. ഇതിൽ നിന്നും വ്യത്യസ്തമായി ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും സംബന്ധിച്ച് അദ്ദേഹം എഴുതിയ ജ്യോതിഷ് പ്രഭ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഭ്രമണം എന്ന നോവൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യാനിരിക്കുകയാണ്.
ജ്യോതിഷത്തോടപ്പം തന്നെ എഴുത്തും സാംസ്‌കാരിക പ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകുന്നുവെന്നത് മുരളീധരപണിക്കരുടെ പ്രത്യേകതയാണ്. പുതിയ പുസ്തകങ്ങളായ ഹൃദയത്തിൽ വീണ ചിലങ്ക, കടലാഴങ്ങൾ എന്നിവ വർത്തമാനകാലത്തെ മലീനസമായ സാമൂഹിക വ്യവസ്ഥിതികളെയാണ് കുറിക്കുന്നത്. ഹൃദയത്തിൽ വീണ ചിലങ്ക ജാതീയത സമൂഹത്തിൽ എങ്ങനെയൊക്കെ ഇടപെടുന്നുണ്ടെന്നാണ് പറഞ്ഞുവയ്ക്കുന്നത്. സ്ത്രീ സുരക്ഷയാണ് കടലാഴങ്ങൾ എന്ന നോവലിന്റെ പ്രമേയം. പൗരസംരക്ഷണം നൽകേണ്ട സംവിധാനങ്ങൾ എങ്ങനെയൊക്കെ വ്യക്തികൾക്കെതിരാകുന്നുവെന്നാണ് ഈ നോവലിൽ പ്രതിപാദിക്കുന്നത്.
കടലാഴങ്ങൾ, ഹൃദയത്തിൽ വീണ ചിലങ്ക എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് കെ.പി കേശവമേനോൻ ഹാളിൽ ഗോവ ഗവർണർ ശ്രീധരൻ പിള്ള നിർവഹിക്കും. യു.കെ കുമാരൻ, ഡോ. എം.പി പത്മനാഭൻ എന്നിവർ പുസ്‌കങ്ങൾ ഏറ്റുവാങ്ങും.
ജ്യോതിഷ ശ്രേഷ്ഠാചാര്യപരാശരി, ആര്യഭട്ടീയം, ഭാസ്‌കരീയം, കർമ്മകീർത്തി, പാരാമൗണ്ട് ലിറ്റററി അവാർഡ്, വാൽമീകി അവാർഡ്, പ്രേംനസീർ പ്രതിഭാ പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എസ്.കെ പൊറ്റക്കാട് അനുസ്മരണ വേദിയുടെ പൊറ്റക്കാട് അവാർഡിനും ബേപ്പൂർ മുരളീധരപണിക്കരെ പരിഗണിച്ചിട്ടുണ്ട്. അടുത്തമാസം 25ന് അളകാപുരിയിൽ വെച്ച് ഈ അവാർഡ് ഏറ്റുവാങ്ങും.
പാഥേയം, അഴിനില, മൂകസന്ധ്യ, ജ്യോതിഷപ്രഭ, ചുംബനസമരം, മുഹബത്ത്, ഹരിഹരനാദം, ഗ്രാമം, മതങ്ങളേ സാക്ഷി, വെളിച്ചപ്പാതയിലെ സ്വപ്നലോകം, കൃഷ്ണസഖി, ഒരു യാത്രയുടെ അന്ത്യം, സൂര്യപുത്രിയുടെ ഓർമ്മയ്ക്ക്, മൺതോണി, സീതാപാതി, ബേപ്പൂർ തമ്പി, മെമ്മറി കാർഡ്, നക്ഷത്രഗന്ധി പൂക്കുമ്പോൾ, ആകാശച്ചിറകുകൾ, മനസ്സറിയാതെ, ഏറനാടിന്റെ കറുത്ത സൂര്യൻ, അകലെയാണ് മിയ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികൾ.