കോഴിക്കോട് : കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കി സ്വന്തക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് കോർപ്പറേഷൻ ഭരണസമിതി നടത്തുന്നതെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ആരോപിച്ചു. അനധികൃത കെട്ടിട നമ്പർ കേസിൽ രണ്ടര മാസം കഴിഞ്ഞിട്ടും യാതൊരു അന്വേഷണ പുരോഗതിയും ഉണ്ടായിട്ടില്ല.

കൃത്യവിലോപം നടത്തിയ കോർപ്പറേഷൻ സെക്രട്ടറി ഇതുസംബന്ധിച്ച് പരാതി നൽകിയ റവന്യൂ ഓഫീസർ ശ്രീനിവാസന്റെ സസ്‌പെൻഷൻ നടപടി മാത്രം പിൻവലിക്കാൻ തയ്യാറാകാത്തത് ദുരൂഹമാണ്. എട്ട് കേസുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി എന്നാണ് നേരത്തെ വ്യക്തമാക്കിയത്. എന്നാൽ ഒരു കേസിൽ മാത്രമാണ് അറസ്റ്റും അനുബന്ധ നടപടികളും നടന്നത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരായ കേസിലും തുടർ നടപടി ഉണ്ടായിട്ടില്ല. സത്യസന്ധമായ അന്വേഷണവുമായി മുന്നോട്ടുപോയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികൾക്ക് യു.ഡി.എഫ് തയ്യാറാകുമെന്ന് കൗൺസിൽ പാർട്ടി യോഗം വ്യക്തമാക്കി. പാർട്ടി ലീഡർ കെ സി ശോഭിത അദ്ധ്യക്ഷത വഹിച്ചു കെ.മൊയ്തീൻ കോയ എസ്.കെ.അബൂബക്കർ, കെ.നിർമ്മല, പി.ഉഷാദേവി, ഓമന മധു, സാഹിദ സുലൈമാൻ, ഡോ.അജിത, കെ.പി.രാജേഷ്, സോഫിയ അനീഷ, അൽഫോൺസ, അജീബ ഷമീൽ, ആയിഷ ബി പാണ്ടികശാല, കവിത അരുൺ, കെ.റംലത്ത് മനോഹരൻ മങ്ങാറിൽ എന്നിവർ പ്രസംഗിച്ചു.