കോഴിക്കോട് : കോഴിക്കോട് എൻ.ഐ.ടി സ്ഥാപക ദിനം സമുചിതമായി ആഘോഷിച്ചു. കാമ്പസിൽ നടന്ന ചടങ്ങിൽ ആർ.ഇ.സി കാലിക്കറ്റ് മുൻ പ്രിൻസിപ്പൽ പ്രൊഫ.എസ്.ഉണ്ണികൃഷ്ണപിള്ള, എൻ.ഐ.ടി.സി മുൻ ഡയരക്ടർമാരായ പ്രൊഫ.എസ്.എസ്‌ഗോഖലെ, പ്രൊഫ.ജി.ആർ.സി.റെഡ്ഡി, പ്രൊഫ.ശിവാജി ചക്രവർത്തി എന്നിവരെ ആദരിക്കുകയും മെമന്റോകൾ നൽകുകയും ചെയ്തു. മുഖ്യാതിഥിയായ ഹൈദരാബാദ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ബി. ജഗദീശ്വർ റാവു സ്ഥാപകദിന പ്രഭാഷണം നടത്തി. എൻ.ഐ.ടി.സി ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ ഗജ്ജല യോഗാനന്ദ് അദ്ധ്യക്ഷത വഹിച്ചു.
എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, ഇൻസ്റ്റിറ്റിയൂട്ടിന്റെ തുടക്കം മുതലുള്ള റിപ്പോർട്ട് അവതരിപ്പിച്ചു.
എൻ.ഐ.ടി.സി ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. സതീദേവി പി.എസ്, ഡീൻ (പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ്) പ്രൊഫ.നസീർ എം.എ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.എൻഐടിസിയിൽ 25 വർഷം പൂർത്തിയാക്കിയ ഇൻസ്റ്റിറ്റിയൂട്ടിലെ എഴുപത്തിരണ്ട് അധ്യാപകരെയും ജീവനക്കാരെയും ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ ആദരിച്ചു. ഇവർക്ക് ഇൻസ്റ്റിറ്റിയൂട്ട് സിൽവർ അവാർഡും മെമന്റോയും സമ്മാനിച്ചു.
കാമ്പസിലെ പച്ചപ്പ് സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളെ അഭിനന്ദിച്ച് ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗം മുൻ പ്രൊഫസർ പോൾ ജോസഫിന് ഹരിത മിത്രം പുരസ്‌കാരം പ്രൊഫ.പ്രസാദ് കൃഷ്ണ നൽകി. 2022ലെ പ്ലസ് ടു പരീക്ഷകളിൽ ടോപ് സ്‌കോർ നേടിയ എൻ.ഐ.ടി.സി ജീവനക്കാരുടെ മക്കളായ നന്ദജ കെ.കെ, സിദ്ധാർത്ഥ് പ്രഭു എന്നിവർക്ക് പുരസ്‌കാരങ്ങളും അദ്ദേഹം സമ്മാനിച്ചു.
ഇൻസ്റ്റിറ്റിയൂട്ട് വാർത്താപത്രിക 'കമ്യൂണിക്' ന്റെ ആദ്യപ്രതി പ്രൊഫ.പ്രസാദ് കൃഷ്ണ ആർ.ഇ.സി കാലിക്കറ്റ് മുൻ പ്രിൻസിപ്പൽ പ്രൊഫ.എസ്.ഉണ്ണികൃഷ്ണപിള്ളയ്ക്ക് കൈമാറി.