കുന്ദമംഗലം: ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ അതൊരു സ്വാതന്ത്ര്യസമരപോരാളിയുടെ പേരാണെങ്കിൽ അത് അത്ര നിസാരമായി തള്ളാനാവില്ല. പാലത്തിന്റെ പേര് ഒരു സുപ്രഭാതത്തിൽ മാറ്റിയതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചത്. കുന്ദമംഗലം ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ചെറുപുഴയിലാണ്1961 ഒക്ടോബറിൽ പാലം ഉദ്ഘാടനം ചെയ്തത്. മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക പാലം എന്നായിരുന്നു പാലം അറിയപ്പെട്ടിരുന്നത്.
കുന്ദമംഗലം മുക്കം സംസ്ഥാനപാതയുടെ നവീകരണത്തോടനുബന്ധിച്ച് പാലത്തിന് സമീപം പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച സ്ഥലനാമഫലകത്തിൽ ചെത്തുകടവ് പാലം എന്നെഴുതിയതോടെയാണ് നാട്ടുകാരിൽ നിന്നും വിവിധ രാഷ്ട്രീയ സംഘടനകളിൽനിന്നും പ്രതിഷേധമുണ്ടായത്. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മ്ദ് അബ്ദുറഹ്മാൻ സാഹിബിന്റെ പേരിലുള്ള പാലത്തിന്റെ പേര് മാറ്റി ചെത്തുകടവ് പാലം എന്നാക്കിയതിൽ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയിരിക്കയാണ്. മുസ്ലീം ലീഗും, വെൽഫെയർ പാർട്ടിയും ഫോർവേഡ് ബ്ലോക്കും പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ചെത്ത്കടവ് പാലത്തിന് സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേരു പുനസ്ഥാപിക്കണമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പ്രമേയത്തിലൂടെ ഐക്യകണ്ഠേന ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് അംഗം എം ധനീഷ് ലാൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്.
പേരിന് പിന്നിൽ
ചെത്തുകടവിൽ പാലം പണിയുന്നതിനുമുമ്പ് ചങ്ങാടത്തിലായിരുന്നു വാഹനങ്ങളും മറ്റും പുഴ കടന്നിരുന്നത്. 1945 നവംബർ 23 നാണ് മണാശ്ശേരിക്കടുത്ത് പൊറ്റശ്ശേരിയിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അന്തരിച്ചത്. അന്ന് കൊടിയത്തൂരിൽ ഒരു പൊതുയോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയത് ചെത്തുകടവിലെ ചങ്ങാടം കടന്നായിരുന്നു. മലബാറിലെ സ്വാന്ത്ര്യസമരത്തിന്റെ മുന്നണിപോരാളിയും കെ.പി.സി.സി അദ്ധ്യക്ഷനുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്റെ അവസാനയാത്രയുടെ സ്മരണയിലാണ് ചെത്തുകടവ് പാലത്തിന് അന്ന് അദ്ദേഹത്തിന്റെ പേര് നാമകരണം ചെയ്തത്. ആ നിലക്ക് നിലവിലുള്ള ഈ പാലം ഒരു ചരിത്ര സ്മരകം തന്നെയാണ്.