കോഴിക്കോട് : മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.ഗുണ്ടാ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും വിമുക്ത ഭടനുമായ നരിക്കുനി സ്വദേശി ദിനേശനെ മിംസ് ഹോസ്പിറ്റലിൽ സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.സി.ടി.വിയിലെ അതിക്രമത്തിന്റെ രംഗങ്ങൾ പുറത്തുവരികയും അക്രമികളെ തിരിച്ചറിയുകയും ചെയ്തിട്ടും മൂന്നു ദിവസമായിട്ടും പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാത്തത് അപലപനീയമാണ്. ഇതേ പ്രതികൾ തന്നെ മുമ്പ് സമാനമായ രീതിയിൽ അക്രമം നടത്തിയപ്പോൾ പരാതിപ്പെടാത്തത് പ്രതികൾക്ക് ഗുണം ചെയ്യുകയായിരുന്നു.മെഡിക്കൽ കോളേജ് പോലുളള സ്ഥലങ്ങൾ ഭരണകക്ഷി യുവജനസംഘടക്ക് അഴിഞ്ഞാടാനുളള ഇടമാക്കി മാറ്റാതെ അക്രമികൾക്കെതിരെ മുഖം നോക്കാതെ കർശന നടപടിയെടുക്കണമെന്നും സജീവൻ ആവശ്യപ്പെട്ടു.ബി.ജെ.പി മേഖലാ ട്രഷറർ ടി.വി.ഉണ്ണിക്കൃഷ്ണൻ,യുവമോർച്ച ജില്ലാപ്രസിഡന്റ് ടി.റിനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.