വടകര: കടൽക്ഷോഭത്തിൽപെട്ട് ബോട്ട് തകർന്ന് രണ്ടു മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്ക് അടിയന്തരമായി സർക്കാർ ധനസഹായം അനുവദിക്കണമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. മരിച്ചവരുടെയും അപകടത്തിൽ രക്ഷപ്പെട്ടയാളുടെയും വീടുകൾ എം.എൽ.എ സന്ദർശിച്ചു. ആഗസ്റ്റ് 25നാണ് ചോമ്പാൽ ഹാർബറിൽ നിന്ന് കടലിൽ പോയ ബോട്ട് മറിഞ്ഞ് മത്സ്യതൊഴിലാളികൾ മരിച്ചത്. മാടാക്കരയിലെ പുതിയ പുരയിൽ ഷൈജുവിന്റെ വള്ളമാണ് അപകടത്തിൽ പെട്ടത്. ഷൈജുവിന്റെ ലോണെടുത്ത് വാങ്ങിയ വള്ളവും വലയും എഞ്ചിനുമെല്ലാം നഷ്ടപ്പെട്ടു. അടിയന്തരമായി ധനസഹായം അനുവദിക്കണമെന്നും, ഇക്കാര്യത്തിൽ ഫിഷറീസ് വകുപ്പു മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.