കൊടിയത്തൂർ: ഓണനാളുകളിലും പ്രതിസന്ധിയിലായി കൊടിയത്തൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേന.കഴിഞ്ഞ അഞ്ച് മാസമായി ഇവർക്ക് ശമ്പളം കിട്ടിയിട്ടില്ല. നാടാകെ ഓണാഘോഷം പൊടിപൊടിക്കുമ്പോൾ വെയിലും മഴയും കൊണ്ട് വീടുകളിൽ കയറിയങ്ങി മാലിന്യം ശേഖരിക്കുന്ന പഞ്ചായത്തിലെ 16 പേർക്കാണ് ശബളം മുടങ്ങിയത്. ഓണത്തിനു മുമ്പ് കുടിശ്ശികയടക്കം മുഴുവൻ തുകയും നൽകുമെന്നു പറഞ്ഞ പഞ്ചായത്ത് അധികൃതർ ഇപ്പോൾ ഫണ്ടില്ലെന്നു പറഞ്ഞ് കൈ മലർത്തുകയാണ്.
കഴിഞ്ഞ മാർച്ച് മാസത്തെ ശമ്പളമാണ് ഇവർക്ക് ഇപ്പോൾ കിട്ടിയത്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന 50 രൂപ മാത്രമാണ് ഇവർക്ക് ഇപ്പോൾ ലഭിക്കുന്നത്. അതേ ശേഖരിക്കുന്ന മാലിന്യത്തിന് ചില വീട്ടുകാർ പണം നൽകാത്തതും ഇവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒരു ദിവസം 350 രൂപ മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. ചില ദിവസങ്ങളിൽ മാത്രമാണ് ഇവർ ജോലിയ്ക്ക് ഇറങ്ങുന്നത്. രാവിലെ 9 മുതൽ 5 വരെയാണ് ജോലി സമയം
കൃത്യമായി ഇടവേളകളില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയില്‍ സംസ്‌കരിക്കുകയാണ് ഹരിത കർമ്മ സേനയുടെ ചുമതല. മാലിന്യങ്ങള്‍ ശേഖരിക്കുന്ന വീടുകളില്‍ നിന്നും കടകളില്‍ നിന്നും യൂസര്‍ ഫീ ഇനത്തില്‍ മാസം തോറും നല്‍കുന്ന തുകയാണ് വരുമാനം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സേനയുണ്ടെങ്കിലും കൃത്യമായി യൂസര്‍ ഫീ ലഭിക്കാത്തത് പ്രവര്‍ത്തനത്തിന് തടസമാകുന്നു. നിലവിൽ ശരാശരി 6000 രൂപയാണ് ഒരു ഹരിത കർമ്മ സേനാംഗത്തിന്റെ പ്രതിമാസ ശരാശരി വരുമാനം.നാട്ടുകാരുടെ പൂര്‍ണ സഹകരണമുള്ള മേഖലകളില്‍ പ്രതിമാസം ഇരുപതിനായിരം രൂപവരെ വരുമാനമുള്ള സേനാംഗങ്ങളുണ്ട്. പക്ഷെ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കി തരംതിരിച്ച് സൂക്ഷിച്ച് വയ്ക്കുന്നതിനും സേനയ്ക്ക് കൈമാറുന്നതിനും ആളുകള്‍ തയ്യാറാകാത്തത് പല സ്ഥലങ്ങളിലും മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുകയാണ്.
അവഗണനയും പേറി
നമ്മുടെ വീട്ടിലെ പ്ലാസ്റ്റിക്കും കൊടുക്കണം പൈസയും കൊടുക്കണോ?' ഇതാണ് ഹരിക കർമ്മസേന ഓരോ വീടുകളുലും എത്തുമ്പോഴുള്ള ആളുകളുടെ സമീപനം. ഹരിതകർമ്മസേന വരുന്നത് കാണുമ്പോൾ വാതിൽ പൂട്ടി അകത്തിരിക്കുന്നവരുടെ എണ്ണവും കുറവല്ല. അവരോടുള്ള നീരസം തീർക്കാൻ എന്ന രീതിയിൽ പ്ലാസ്റ്റിക്കിനൊപ്പം സാനിറ്ററി പാഡുകളും മറ്റും കൂട്ടിക്കലർത്തി കൊടുക്കുന്നവരുമുണ്ട്. മാത്രമല്ല മാലിന്യം ശേഖരിച്ചാലും പണം നൽകാത്തവരും ഉണ്ട്.