കോഴിക്കോട് : ഓണാഘോഷത്തോടനുബന്ധിച്ച് ബീച്ചിൽ അരങ്ങേറിയ കലാസന്ധ്യ ആസ്വദിക്കാനെത്തിയത് ആയിരങ്ങൾ. ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അണിനിരന്ന കലാസന്ധ്യ ബീച്ചിലെത്തിയവർക്ക് ദൃശ്യവിരുന്നായി മാറി. ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ചേളന്നൂർ എസ് എൻ കോളേജ്, ദേവഗിരി കോളേജ്, ഗുരുവായൂരപ്പൻ കോളേജ് എന്നിവടങ്ങളിലെ കലാപ്രതിഭകൾ വേദിയിൽ മാറ്റുരച്ചു.

ഇന്റർസോൺ, ബി സോൺ വിജയികളുടെയും കലാവിരുന്ന് കോഴിക്കോട്ടെ സന്ധ്യയുടെ മാറ്റുകൂട്ടി. ലോക റെക്കോർഡ് ജേതാവ് വിഷ്ണു ഒടുമ്പ്രയും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ ചെണ്ടയായിരുന്നു പരിപാടിയുടെ മറ്റൊരാകർഷണം. ചെണ്ടയിൽ സംഘം തീർത്ത വിസ്മയം കലാപ്രേമികൾ കൗതുകത്തോടെ ആസ്വദിച്ചു. സെമി ക്ലാസിക്കൽ സംഘ നൃത്തവും, നാടൻ പാട്ടുകളും, നാടോടിനൃത്തവും വേദിയിൽ അരങ്ങേറി. വേദിയിൽ അവതരിപ്പിച്ച ഭരതനാട്യം സന്ധ്യയെ കൂടുതൽ മനോഹരമാക്കി. ഫാറൂഖ് കോളേജിലെ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനവിരുന്ന് പരിപാടിക്ക് മേളക്കൊഴുപ്പേകി. കലയെ സ്‌നേഹിക്കുന്ന കോഴിക്കോട്ടുകാർ ആടിയും പാടിയും കലാസന്ധ്യ ആഘോഷമാക്കി.

കലാസന്ധ്യ മേയർ ഡോ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി. രേഖ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്. കെ. സജീഷ് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ക്ലാസ്സിക്കൽ ഡാൻസ് ആന്റ് മ്യൂസിക് കമ്മിറ്റി കൺവീനർ ടി.അതുൽ സ്വാഗതവും ക്ലാസ്സിക്കൽ കമ്മിറ്റി കോർഡിനേറ്റർ വിനോദൻ നന്ദിയും പറഞ്ഞു.