വടകര: ചോറോട് മലോൽമുക്ക് - ഓർക്കാട്ടേരി റോഡിലെ കുളങ്ങരത്ത് താഴ് ഭാഗത്തുള്ള തണൽ മരം മുറിച്ചുമാറാറനുള്ള ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. വനം- പി.ഡബ്ല്യു.ഡി വകുപ്പുകളുടെ ഒത്താശയോടെയാണ് മരം മുറിച്ചുമാറ്രാനുള്ള നടപടി എന്നാണ് ആക്ഷേപം. ചോറോട് ഗ്രാമപഞ്ചായത്ത് വർഷങ്ങളായി അപേക്ഷ നൽകി കാത്തിരുന്നിട്ടും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കുവാനോ ചില്ലകൾ മുറിക്കാനോ തയ്യാറാവാത്ത സാഹചര്യത്തിലാണ് യാതൊരു വിധ പ്രയാസവും ഇല്ലാതെ കിടന്നിരുന്ന തണൽമരം മുറിച്ചു കടത്താനുള്ള ശ്രമം.
ഇതിനിടയിലാണ് സംഭവം പഞ്ചായത്ത് വാർഡ് മെമ്പർ പ്രസാദ് വിലങ്ങിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. ജനങ്ങൾക്ക് തണലേകുന്ന മരം മുറിക്കാൻ കൂട്ടുനിന്നതിൽ വൻ അഴിമതി നടന്നിരിക്കുമെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.
ഇതിന് തൊട്ടടുത്തുള്ള വൻമരം ട്രാൻസ്ഫോമറിനടക്കം വീടുകൾക്കും ഭീഷണിയായി നില നിൽക്കുകയാണ്. ഇതിന്റെ അപകടകരമായ ഭാഗമെങ്കിലും മുറിച്ചു മാറ്റണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
മാത്രമല്ല വൈക്കിലശ്ശേരി ലോഹ്യാ സ്മാരക മന്ദിരത്തിന് സമീപം കടകൾക്കും കെട്ടിടങ്ങൾക്കു മീതെ വൻ ശിഖരങ്ങൾ വളർന്ന മരം ഇപ്പോഴും അപകട ഭീഷണി ഉയർത്തുകയാണ്. അകാരണമായി മരം മുറിച്ചവർക്കെതിരെയും അതിന് മൗനാനുവാദം നൽകിയവർക്കുമെതിരെ കർശന നടപടിക്കായ് കോടതിയെ സമീപിക്കുവാനൊരുങ്ങുകയാണ് നാട്ടുകാർ. അനധികൃത മരംമുറിക്കെതിരെ നടപടി ആവശ്യപ്പെട്ട്തഹസിൽദാർ, ഡി.എഫ്.ഒ, ആർ.ഡി.ഒ, താലൂക്ക് ഓഫീസ് വികസന സമിതി എന്നിവർക്ക് പരാതി നല്കിയിരിക്കയാണ്