katharin
കാതറിൻ ടീച്ചറെതേടി കണ്ണൂരിൽ നിന്നെത്തിയ പൂർവ വിദ്യാർത്ഥികൾ

കോഴിക്കോട്: അദ്ധ്യാപകദിനത്തലേന്ന് ഞായറാഴ്ച രാവിലെയാണ് കാതറിൻ ടീച്ചറെതേടി കണ്ണൂരിൽ നിന്ന് ആ കോൾവന്നത്. 'ഞങ്ങൾ കുട്ടികൾ നാളെ ടീച്ചറെകാണാൻ കോഴിക്കോട്ട് വരുന്നുണ്ട്...ടീച്ചറെ കാണണം. മടങ്ങുമ്പോൾ കോഴിക്കോട്ടെ കടലും മിഠായിത്തെരുവിന്റെ മധുരവും അറിയണം...' ടീച്ചർക്ക് മറുപടി പറയാനുള്ള സമയം പോലും കിട്ടിയില്ല. അങ്ങേത്തലയ്ക്ക് ഫോൺകട്ടായി. കാതറിൻ ടീച്ചറുടെ മകൻ വർഗീസ് കോഴിക്കോട് മലാപ്പറമ്പ് ക്രിസ്തുരാജ എൽ.പി.സ്‌കൂളിലെ പ്രധാനദ്ധ്യാപകനാണ്. കണ്ണൂരിൽ നിന്ന് കുറേ കുട്ടികൾ വരുമെന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയല്ലെന്ന് വർഗീസ്. കുട്ടികളിൽ ചിലർ റിട്ടയറായി. മറ്റുചിലർ പ്രധാനദ്ധ്യാപകർ, ഡോക്ടർമാർ, എൻജിനിയർമാർ.... ഈ അധ്യാപക ദിനത്തോളം മധുരം ഇക്കാലമത്രയും ഉണ്ടായിട്ടില്ലെന്ന് പതിഞ്ഞ ശബ്ദത്തിൽ തൊണ്ണൂറിലെത്തിയ ടീച്ചർ പറയുമ്പോൾ കുട്ടികളുടെയൊക്കെ കണ്ണുകൾ ഈറനണിഞ്ഞു. മലാപ്പറമ്പ് ജംഗ്ഷനുസമീപത്തെ റോസ് വില്ലയിൽ മകനൊപ്പമാണ് ടീച്ചറുടെ താമസം.
കണ്ണൂർ വിളയാംകോട് റോസ് വില്ലയിൽ ടി.ഡി.കാതറിൻ കടന്നപ്പള്ളി യു.പി സ്‌കൂളിൽ 1963 മുതൽ
അദ്ധ്യാപിക ആയിരുന്നു. അവരുടെ അരുമ ശിഷ്യരാണ് ഇന്നലെ ടീച്ചറെകാണാൻ മലാപ്പറമ്പിലെ വീട്ടിലെത്തിയത്.
1965 മുതൽ 1980 വരെ ഒന്നാം തരത്തിലെ വിദ്യാർത്ഥികളും പിന്നീട് അതേ സ്‌കൂളിൽ തന്നെ അദ്ധ്യാപകരുമായ 18 പേരാണ് ഒന്നാം ക്ലാസിൽ തങ്ങളെ പഠിപ്പിച്ച പ്രിയപ്പെട്ട അദ്ധ്യാപികയെ കാണാനെത്തിയത്. നിലവിൽ സ്‌കൂളിലെ പ്രധാനദ്ധ്യാപകൻ സുരേഷും ആ സ്‌കൂളിൽ നിന്ന് ആദ്യം ഡോക്ടറായ രമേശനുമായിരുന്നു സംഘത്തലവൻമാർ. ഓരോരുത്തരെയും ടീച്ചർ പേരെുത്തുവിളിച്ചു, സുരേഷ്, രാധ, രമണി, സതി, നളിനി,കൃഷ്ണവേണി, രവി, ഉണ്ണി, ബഷീർ...... ഓർമകൾക്ക് ഒരു മങ്ങലുമില്ല. പിന്നീട് കുറേനേരം എല്ലാവരും കാതറിൻ ടീച്ചറുടെ ഒന്നാംക്ലാസിലെ കുട്ടികളായി. കഥ പറഞ്ഞതും, ചെവിക്ക് നുള്ളിയതും, മടിപിടിച്ച് വീട്ടിലിരിക്കുമ്പോൾ ടീച്ചർ പിടിച്ചുകൊണ്ടുപോയി ക്ലാസിലിരുത്തിയതുമെല്ലാം അയവിറത്തു. ഉച്ചയ്ക്ക് ടീച്ചർക്കൊപ്പം ഓണസദ്യയുണ്ട് കോഴിക്കോട്ടെ കടലും മിഠായിത്തെരുവിന്റെ മധുരവും നുകർന്നാണ് എല്ലാവരും മടങ്ങിയത്. അദ്ധ്യാപക ദിനത്തിലെ അപൂർവ വിരുന്നായി അത്.