കോഴിക്കോട്: ഈ വർഷത്തെ ഓണാഘോഷം കളറാക്കാൻ ചലച്ചിത്രതാരം ടൊവിനയും. വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ പരിപാടി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ടൊവിനോ തോമസ് മുഖ്യാതിഥിയായിരിക്കും.ജില്ലയിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

9 ന് മാനാഞ്ചിറയിൽ വൈകീട്ട് 7.30 മുതൽ 9.30 വരെ മുടിയേറ്റ്, ഒപ്പന എന്നീ കലാപരിപാടികൾ അരങ്ങേറും. ടൗൺഹാളിൽ വൈകീട്ട് 6.30 ന് 'പച്ചമാങ്ങ' നാടകം അരങ്ങേറും. കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ വൈകിട്ട് 6 മണിക്ക് മട്ടന്നൂർ ശങ്കരൻ കുട്ടിയും പ്രകാശ് ഉള്ള്യേരിയും ചേർന്നൊരുക്കുന്ന ത്രികായ മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഫ്യൂഷൻ ഷോയും രാത്രി 8 മണിക്ക് സൗത്ത് ഇന്ത്യൻ പിന്നണി ഗായകൻ കാർത്തിക്കിന്റെ മ്യൂസിക് നൈറ്റ് ഇവന്റും നടക്കും. വൈകിട്ട് 6.00ന് കുറ്റിച്ചിറയിലെ വേദിയിൽ ഗായിക രഹ്നയും സംഘവും നയിക്കുന്ന ഇശൽ നിശയും ബേപ്പൂരിലെ വേദിയിൽ ആൽമരം മ്യൂസിക് ബാന്റിന്റെ മ്യൂസിക്കൽ ഇവന്റുമാണ് നടക്കുക. തളിയിലെ വേദിയിൽ വൈകിട്ട് 6 മണിക്ക് ഉസ്താദ് റഫീഖ് ഖാൻ ഒരുക്കുന്ന സിതാർ സംഗീത രാവ് അരങ്ങേറും. മാനാഞ്ചിറയിൽ വൈകീട്ട് 3 ന് കളരി അഭ്യാസവും 6.30 ന് മാരത്തോണുമുണ്ടാവും. പത്തിന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ വൈകിട്ട് ആറിന് ശ്രീകാന്തും അശ്വതിയും ചേർന്നൊരുക്കുന്ന ക്ലാസിക്കൽ ഡാൻസ്, 7.30 ന് നാദിർഷയും സംഘവും ഒരുക്കുന്ന മ്യൂസിക് ഡാൻസ് കോമഡി ഷോ എന്നിവയുണ്ടാവും. മാനാഞ്ചിറയിലെ വേദിയിൽ 6.30 മുതൽ 9.30 വരെ നാടൻ പാട്ടും കളികളും, പഞ്ചുരുളി തെയ്യം, ചാമുണ്ഡി തെയ്യം പുലി തെയ്യം എന്നിവ നടക്കും. ടൗൺഹാളിൽ 7 മണിക്ക് 'മക്കൾക്ക്' നാടകം അരങ്ങേറും. വൈകിട്ട് ആറിന് ഭട്ട് റോഡിലെ വേദിയിൽ ദേവാനന്ദ്, നയൻ ജെ ഷാ, ഗോപികാ മേനോൻ തുടങ്ങിയവരുടെ ഗാനോത്സവവും കുറ്റിച്ചിറയിൽ സുഫി സംഗീതവും നടക്കും. ബേപ്പൂരിലെ വേദിയിൽ ചിത്ര അയ്യരും അൻവർ സാദത്തും ഒരുക്കുന്ന ഗാനനിശ, തളിയിൽ പത്മഭൂഷൺ സുധ രഘുനാഥന്റെ കർണാടിക് വോക്കൽ എന്നിവയും നടക്കും. മാനാഞ്ചിറയിൽ രാവിലെയും വൈകുന്നേരവും ആർച്ചറി മത്സരം സംഘടിപ്പിക്കും. വൈകീട്ട് 4 ന് എയറോബിക്സ്, 4.30 ന് മ്യൂസിക്കൽ ചെയർ മത്സരങ്ങൾ നടക്കും. സമാപന ദിനമായ 11 ന് മാനാഞ്ചിറയിൽ വൈകീട്ട് 7.30 മുതൽ 9 വരെ ആദിവാസി നൃത്തം, പരുന്താട്ടം, മാപ്പിളപ്പാട്ട്, എന്നിവയുണ്ടാവും. വൈകിട്ട് നാലുമണിക്കാണ് വടം വലി മത്സരം . കും. ടൗൺഹാളിൽ രാത്രി 7 ന് കാവൽ, യൂ ടേൺ എന്നീ നാടകങ്ങൾ അരങ്ങേറും. കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ വൈകിട്ട് 6ന് നാന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ട്, രാത്രി 7.30ന് അനൂപ് ശങ്കറും സംഘവും ഒരുക്കുന്ന മ്യൂസിക് ഇവന്റ്, മറിമായം ടീമിന്റെ കോമഡി ഷോ എന്നിവയാണ് അരങ്ങേറുക. വൈകിട്ട് 6.00ന് ഭട്ട് റോഡ് വേദിയിൽ ചലച്ചിത്ര പിന്നണി ഗായകരായ മിൻമിനിയും സുനിൽ കുമാറും ഒരുക്കുന്ന സംഗീത രാവ്, കുറ്റിച്ചിറയിൽ തേജ് മെർവിൻ ഒരുക്കുന്ന ഓൾഡ് ഈസ് ഗോൾഡ് സംഗീത പരിപാടി, ബേപ്പൂരിൽ യുമ്ന ആൻഡ് ടീമിന്റെ ഗാന നിശ എന്നിവ നടക്കും. .