മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയതുമായി ബന്ധപ്പെട്ട പ്രശ്നം പുകയുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ കരിങ്കൽ ക്വാറിക്ക് നൽകിയ പ്രവർത്തനാനുമതി റദ്ദാക്കണമെന്ന് കഴിഞ്ഞ 8 മാസമായി എൽ.ഡി.എഫ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രശ്നം തിങ്കളാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിൽ വീണ്ടും ബഹളത്തിനും എൽ.ഡി.എഫ്. അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനും ഇടയാക്കി. ക്വാറിക്ക് ലൈസൻസ് നൽകിയത് സെക്രട്ടറിയാണെന്നും ഭരണ സമിതി അതിനെതിരാണെന്നും ലൈസൻസ് നൽകിയതു സംബന്ധിച്ച കേസ് നിലവിലുണ്ടെന്നും മറ്റുമുള്ള പ്രസിഡന്റിന്റെ അവകാശവാദത്തെ എൽ.ഡി.എഫ് അംഗങ്ങൾ ചോദ്യം ചെയ്തു. സെക്രട്ടറിക്ക് ഭരണസമിതിയുടെ തീരുമാനം നടപ്പാക്കാൻ ഉത്തരവാദിത്തമുണ്ടെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാന്റെ പരാമർശമാണ് എൽഡിഎഫ് അംഗങ്ങൾ ആയുധമാക്കിയത്.ആഗസ്റ്റ് 11 ലെ ഓംബുഡ്സ്മാൻ കോടതിയുടെ ഉത്തരവിൽ ഈ വിഷയത്തിൽ പഞ്ചായത്തിനെ കുറ്റപ്പെടുത്തുന്ന പരാമർശമുണ്ടെന്ന് എൽ. ഡി.എഫ്. അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ പകർപ്പും അവർ ഹാജരാക്കി. പഞ്ചായത്ത് ഹൈകോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ നിരോധന ഉത്തരവ് ഉണ്ടെന്ന് സെക്രട്ടറി കളവായ് രേഖപ്പെടുത്തിയത് പഞ്ചായത്തും ക്വോറി ഉടമയും തമ്മിലുള്ള ഒത്തുകളിയുടെ തെളിവാണെന്ന വാദവും അവർ ഉന്നയിച്ചു. ഭരണ സമിതിയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയും ഗ്രാമസഭയുടെ തീരുമാനം അട്ടിമറിക്കുകയും ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനും 12-ാം വാർഡ് അംഗത്തിനുമെതിരെ കടുത്ത പ്രതിഷേധം ഉർത്തിയാണ് എൽ.ഡി എഫ് അംഗങ്ങളായ കെ.ശിവദാസൻ, എം.ആർ.സുകുമാരൻ, ഇ.പി.അജിത്, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവർ ഇറങ്ങിപ്പോക്ക് നടത്തിയത്.