സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയും ചീരാലും തെരുവ് നായശല്യത്താൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. സുൽത്താൻ ബത്തേരി നഗരസഭയിലെ പള്ളിക്കണ്ടിയിലും ടൗൺ സ്‌ക്വയർ പരിസരത്തും നെന്മേനി പഞ്ചായത്തിലെ ഈസ്റ്റ് ചീരാലിലുമാണ് തെരുവ് നായശല്യം അതിരൂക്ഷമായിരിക്കുന്നത്. കൂട്ടാമായ് അലഞ്ഞുനടക്കുന്ന തെരുവ് നായ്ക്കൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഭീഷണിയായി തീർന്നിരിക്കുകയാണ്. തെരുവ് നായയുടെ ആക്രമണം ശക്തമായിട്ടും ഇവയുടെ ശല്യം നിയന്ത്രിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തെരുവ് നായ ശല്യം കാരണം പ്രഭാത സവാരിക്കിറങ്ങുന്നവരും പുലർച്ചെ തൊഴിലിടങ്ങളിലേക്കും സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർത്ഥികളും, രാത്രി വൈകി സഞ്ചരിക്കുന്നവരുമെല്ലാം നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നു. സുൽത്താൻ ബത്തേരി നഗരസഭ പരിധിയിൽ പിഞ്ചു കുട്ടുകളുൾപ്പെടെയുള്ള നിരവധി പേർക്കാണ് ഈ അടുത്തിടെ തെരുവ് നായ്ക്കളുടെ കടിയേറ്റത്. പിഞ്ചുകുട്ടികൾക്ക് സ്വന്തം വീട്ടുമുറ്റത്ത് നിന്നാണ് കടിയേറ്റത്. പകൽ സമയങ്ങളിൽ പട്ടണങ്ങളിലൂടെയും മറ്റും ചുറ്റിതിരിയുന്ന തെരുവ് നായ്ക്കൾ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർക്ക് നേരെ ആക്രമ വാസനയോടെ കുരച്ച് ചാടുന്നതും പതിവാണ്. വാഹനത്തിന് പിന്നാലെ ആക്രമണ സ്വഭാവത്തോടെ കൂട്ടമായി നായ്ക്കൾ ഓടിയെത്തുന്നതും, റോഡിന് കുറുകെ ചാടി ഇരുചക്രവാഹന യാത്രക്കാർക്ക് അപകടങ്ങളുണ്ടാക്കുന്നതും നിത്യസംഭവമാണ്. വീടുകളിലും ക്ഷേത്ര പരിസരങ്ങളിലെല്ലാമെത്തുന്ന നായ്ക്കൾ പുറത്ത് സൂക്ഷിച്ചിരിക്കുന്ന പാദരക്ഷകളും മറ്റ് വസ്തുക്കളും കടിച്ച് നശിപ്പിക്കുന്നതും പതിവാണ്. ഇവക്ക് പുറമെ കർഷകരുടെ കോഴി, താറാവ് , മുയൽ ആട് പശുകിടാങ്ങൾ എന്നിവയെയും തെരുവ് നായ്ക്കൾ കൂട്ടമായി എത്തി ആക്രമിക്കുന്നു. നെന്മേനി പഞ്ചായത്തിൽ രണ്ട് മാസം മുമ്പാണ് വലിയവട്ടം പാമ്പുംകുനി ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പേവിഷബാധയേറ്റ് നാല് കന്നുകാലികൾ ചത്തത്. ഈസ്റ്റ് ചീരാൽ ടൗൺ, ഫോറിൻകവല, ചീരാൽ ഭഗവതി ക്ഷേത്ര പരിസരം, എടക്കുടുക്കി തുടങ്ങിയ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതികൾ നൽകിയിട്ടും ഇതുവരെയായിട്ടും നടപടിയുണ്ടായിട്ടില്ല. മുമ്പെങ്ങുമില്ലാത്തവിധമാണ് ഇപ്പോൾ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും തെരുവ് നായ ശല്യം വർദ്ധിച്ചിരിക്കുന്നത്.
ഈസ്റ്റ് ചീരാലിൽ റോഡിൽ കൂട്ടമായ് നിൽക്കുന്ന തെരുവ് നായ്ക്കൾ