 
കോഴിക്കോട്: ജീവന് ഭീഷണിയായി നഗരത്തിലും നാട്ടിൻപുറത്തും തെരുവുനായ്ക്കൾ പെരുകിയതോടെ പുറത്തിറങ്ങാൻ ഭയന്ന് ജനം. കോഴിക്കോട് ജില്ലയിൽ ഇന്നലെ മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. നാദാപുരം വിലങ്ങാട് സഹോദരനോടൊപ്പം കടയിൽ പോയി മടങ്ങുകയായിരുന്ന ആറാം ക്ലാസുകാരനെ റോഡിലുണ്ടായിരുന്ന നായ ചാടി കടിക്കുകയായിരുന്നു. മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്റെ മകൻ ജയസൂര്യനാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെ വിലങ്ങാട് പെട്രോൾ പമ്പ് പരിസരത്തായിരുന്നു സംഭവം. ഇടതുകാൽ മുട്ടിന് താഴെ സാരമായി കടിയേറ്റ കുട്ടി വടകര ഗവ. ആശുപത്രിയിൽ ചികിത്സ തേടി. കോർപ്പറേഷൻ പരിധിയിൽ അരക്കിണറിൽ കുട്ടികളടക്കം നാലുപേർക്ക് തെരുവുനായകളുടെ കടിയേറ്റതോടെ നഗരം വിറച്ചിരിക്കുകയാണ്. നഗരത്തിൽ വിവിധ ഇടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവ് നായ ശല്യം നേരിടാൻ സംവിധാനം ഉണ്ടാകുമെന്ന് പറയുമ്പോഴും കോർപ്പറേഷന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
തെരുവ് നായകളുടെ ശല്യം പരിഹരിക്കാൻ പ്രത്യേക സമിതിയുണ്ടാക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചിരുന്നു. അതിന്റെ നടപടികൾ ആരംഭിച്ചതായാണ് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഡോ. എസ്. ജയശ്രീ അറിയിച്ചത്.
തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതി ജില്ലയിൽ പലയിടത്തും നടപ്പാക്കിയിട്ടും തെരുവുനായ ശല്യം കുറയ്ക്കാൻ സാധിച്ചിട്ടില്ല. ഇതുകൊണ്ട് മാത്രം തെരുവ് നായ ഭീഷണി നേരിടാൻ കഴിയില്ലെന്ന് അധികാരികൾ പറയുമ്പോൾ പകരം സംവിധാനം എന്തെന്ന ചോദ്യത്തിന് ഇവർക്ക് ഉത്തരവുമില്ല.
എ.ബി.സി പദ്ധതിയുടെ ഗുണം ലഭിക്കാൻ ആറ് മുതൽ എട്ട് വർഷം വരെ വേണ്ടിവരുമെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. നഗരത്തിൽ ബീച്ച് , ബേപ്പൂർ, എലത്തൂർ, നടക്കാവ്, മലാപ്പറമ്പ്, കോട്ടൂളി വലിയങ്ങാടി, കല്ലായി, പന്നിയങ്കര, ഭട്ട് റോഡ്, മെഡിക്കൽ കോളേജ്, മാങ്കാവ്, ഗോവിന്ദപുരം, ടൗൺഹാൾ റോഡ് എന്നിവിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. പഞ്ചായത്ത് , മുനിസിപ്പാലിറ്റി പ്രദേശങ്ങളും ഇതിൽ നിന്ന് വ്യത്യസ്തമല്ല. കൊയിലാണ്ടി നഗരസഭയിൽ കൊല്ലം നെല്ല്യാടി റോഡിൽ പലയിടത്തും പകൽ നേരം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. രാത്രിയായാൽ നായ്ക്കൾക്കു പുറമെ കുറുക്കനും ജീവന് ഭീഷണിയായിട്ടുണ്ട്. മാലിന്യം തള്ളുന്ന റോഡരികുകളിലാണ് തെരുവുനായ്ക്കൾ തമ്പടിക്കുന്നത്.
കോർപ്പറേഷൻ പരിധിയിൽ നിരവധി പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം പൂളക്കടവിലെ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ആശുപത്രിയിൽ രണ്ടു വർഷത്തിനുള്ളിൽ പതിനായിരത്തോളം തെരുവുനായ്കളെയാണ് വന്ധ്യംകരിച്ചത്. തെരുവുനായ്ക്കളെ ആശുപത്രിയിലെത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത് മുറിവുണങ്ങിയ ശേഷം പിടികൂടിയ സ്ഥലത്തുതന്നെ വിടുകയാണ്.
തെരുവുനായകളെ ദത്ത് കൊടുക്കുന്ന പദ്ധതിയ്ക്ക് തുടക്കത്തിൽ ലഭിച്ച സ്വീകാര്യത ഇപ്പോഴില്ല. ഡോഗ് പാർക്ക് പോലുള്ള സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നഗരപരിധിയിൽ 2018ലെ സർവേ പ്രകാരം 13,182 തെരുവുനായ്ക്കളുണ്ടെന്നാണ് കണ്ടെത്തൽ. പിന്നീട് സർവേ നടന്നിട്ടില്ല.