paalam
കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പോത്തുമൂലയിലെ പാലം

തിരുനെല്ലി: വാഹന ഗതാഗത യോഗ്യമായ പാലമില്ലാത്തതിനാൽ ദുരിതത്തിലാണ് തീരുനെല്ലി പോത്തു മൂല നിവാസികൾ. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ നടപാലത്തിന് പകരം പുതിയ ഗതാഗത യോഗ്യമായ പാലം വേണമെന്നാണ് തിരുനെല്ലി പഞ്ചായത്തിലെ ആറാം വാർഡിലുൾപ്പെടുന്ന പോത്തു മൂല കുതിരക്കോട്ടിൽ നിവാസികളുടെ ആവശ്യം. മുപ്പതു വർഷങ്ങൾക്ക് മുമ്പാണ് നിർമിതിയുടെ ഫണ്ടുപയോഗിച്ച് പ്രദേശത്ത് നടപ്പാലം നിർമിച്ചത്. പുഴയിലെ കുത്തൊഴുക്കിന്റെ ശക്തിയാൽ പാലത്തിന്റെ തൂണുകൾക്ക് ഇപ്പോൾ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ നല്ലമഴക്കാലമായാൽ കാൽനട യാത്രക്കാർക്ക് പാലത്തിലേക്ക് എത്താൻ കഴിയില്ല. ഒരാൾക്ക് നടന്നു പോകാവുന്ന വീതി മാത്രമേപാലത്തിനുള്ളു. എന്നാൽ കിടപ്പിലായ രോഗികളെയും കൊണ്ട് ഈ വഴി പോകാൻ ആവില്ല. മഴക്കാലത്ത് വെള്ളം കയറുന്നതോടെ പാലത്തിലൂടെയുള്ള യാത്രയും തടസ്സപ്പെടും.അപകടാവസ്ഥയിലുള്ള പാലത്തിലുടെ ഭയന്നാണ് സ്കൂൾ വിദ്യാർത്ഥികൾ അടക്കം യാത്ര ചെയ്യുന്നത്. പുതിയ പാലത്തിനായി അധികൃതരോട് നിരവധിതവണ ആവശ്യം ഉന്നയിച്ചെങ്കിലും പരിഹാരമായില്ലയെന്ന് നാട്ടുകാർ പരയുന്നു.

നാലുവശവും വനത്താൽ ചുറ്റപ്പെട്ട് തിർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമത്തിന് പുറം ലോകവുമായുള്ള ബന്ധമാണ് ഈ പാലം.