കോഴിക്കോട് : നിയമക്കുരുക്കുകൾ അഴിഞ്ഞതോടെ മീഞ്ചന്തയിൽ ബസ് സ്റ്റാൻഡ് വരുമെന്ന് ഉറപ്പായി. ഇതോടെ നഗരവാസികളുടെ കാൽനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനും അറുതിയാവും. ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ വിജിലൻസ് കേസാണ് പദ്ധതി വൈകാൻ കാരണമായത്. കേസിലെ തുടർനടപടികൾ അവസാനിപ്പിച്ച് വിജിലൻസ് കോടതി ഉത്തരവ് വന്നതോടെ മീഞ്ചന്തയിൽ അത്യാധുനിക ബസ് ടെർമിനൽ നിർമ്മിക്കാനുള്ള പ്രാരംഭ നടപടികളിലേക്ക് കോർപ്പറേഷൻ കടന്നു. ഡി.പി.ആർ തയ്യാറാക്കാൻ താത്പര്യ പത്രം ക്ഷണിച്ചിരിക്കുകയാണ്.
2.1 ഏക്കർ സ്ഥലമാണ് ബസ്‌സ്റ്റാൻഡിനായി ഏറ്റെടുത്തിരുന്നത്. മീഞ്ചന്തയിലും മെഡിക്കൽ കോളേജിലും ബസ് സ്റ്റാൻഡ് എന്നത് കോർപ്പറേഷന്റെ അഭിമാന പദ്ധതികളായിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ഇരു പദ്ധതികളും പാതിവഴിയിൽ നിലച്ചുപോവുകയായിരുന്നു. ബേപ്പൂർ, എലത്തൂർ, ചെറുവണ്ണൂർ പഞ്ചായത്തുകൾ കോർപ്പറേഷനിലേക്ക് കൂട്ടിച്ചേർക്കുന്നതിന് മുമ്പ് തന്നെ പദ്ധതിക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 1998ലായിരുന്നു തുടക്കം. 1999 ൽ പദ്ധതിക്ക് അംഗീകാരമാവുകയും രണ്ടായിരത്തിൽ സർക്കാർ ഉത്തരവിറങ്ങുകയും ചെയ്തു. 2006 ൽ സ്ഥലമേറ്റെടുത്തു. ബി.ഒ.ടി അടിസ്ഥാനത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മാണം നടത്താൻ തുക നീക്കിവെച്ചെങ്കിലും പല കാരണങ്ങളാൽ വൈകിയ പദ്ധതി 2014ൽ കേസിലകപ്പെട്ടതോടെ പൂർണമായും നിലച്ചു. ബസ്‌സ്റ്റാൻഡിനായി കണ്ടെത്തിയ സ്ഥലം പിന്നീട് മാലിന്യങ്ങളും ഉപയോഗ ശൂന്യമായ വാഹനങ്ങളും ഉപേക്ഷിക്കുന്ന കേന്ദ്രമായി മാറുകയായിരുന്നു. ഇതിനെതിരെ നിരവധി തവണയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. നിലവിൽ നല്ലളം പൊലീസ് സ്റ്റേഷനുമുന്നിൽ നിർത്തിയിട്ടിരുന്ന തൊണ്ടി വാഹനങ്ങൾ പൂർണമായും ഇവിടേക്കാണ് മാറ്റിയിരിക്കുന്നത്.
@ നഗരത്തിന് ആശ്വാസമാകും
കോർപ്പറേഷനിൽ ബസുകൾ സർവീസ് നടത്തുന്ന റൂട്ടിൽ സ്റ്റാൻഡ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. മീഞ്ചന്തയിൽ സ്റ്റാന്റ് വരുന്നതോടെ മിനി ബൈപാസ് വഴിയ സിറ്റി ബസ് സർവീസ്തുടങ്ങാനാവമെന്ന പ്രതീക്ഷയും നാട്ടുകാർക്കുണ്ട്.
" ബസ് സ്റ്റാൻഡ് നിർമാണം ജനങ്ങളുടെ പ്രധാന ആവശ്യമാണ്. വെറുതെ കിടക്കുന്ന സ്ഥലം സാമൂഹിക വിരുദ്ധരുടെ താവളമായിരിക്കുകയാണ്. മാലിന്യങ്ങളും പഴയ വാഹനങ്ങളും കൂട്ടിയിട്ടിരിക്കുന്നതിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമുണ്ട്'.
രമ്യ സന്തോഷ്
മീഞ്ചന്ത ഡിവിഷൻ കൗൺസിലർ