
കോഴിക്കോട്: ഫ്രാൻസിസ് റോഡിൽ നിന്നും പിടികൂടിയ തെരുവനായയെ നേരത്തെ വന്ധ്യംകരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതായി അധികൃതർ. ഇന്നലെ നടത്തിയ പരിശോധനയിൽ നായയെ വന്ധ്യംകരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതായി വെറ്റിനറി ഓഫീസർ ഡോ.എൻ.ശ്രീഷ്മ പറഞ്ഞു. മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഷാജി പരിശോധനയിൽ പങ്കെടുത്തു.
ഇന്നലെ വന്ധ്യംകരണ സർജറി നടത്തി. നാല് ദിവസത്തെ പരിശോധനയ്ക്ക് ശേഷം പിടിച്ച സ്ഥലത്ത് തന്നെ തിരിച്ച് കൊണ്ടുവിടുമെന്ന് അധികൃതർ വ്യക്തമാക്കി. ഒരു വർഷം മുമ്പ് ഫ്രാൻസിസ് റോഡ് പരിസരത്ത് നിന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം ജീവനക്കാർ വന്ധ്യംകരണത്തിന് കൊണ്ടുപോയി തിരിച്ചു കൊണ്ടെത്തിച്ച നായ രണ്ടുതവണ പ്രസവിച്ചതായി നാട്ടുകാർ ആരോപിച്ചിരുന്നു.
വന്ധ്യംകരണം നടത്തിയതിന് ശേഷം തിരിച്ചറിയുന്നതിനായി നായകളുടെ ചെവിയിൽ വി ആകൃതിയിൽ മുറിച്ച് അടയാളപ്പെടുത്താറുണ്ട് . ഇത്തരത്തിലുള്ള മുറിവ് പ്രസവിച്ച തെരുവുനായയ്ക്കും ഉണ്ടായിരുന്നു. വന്ധ്യംകരണത്തിലെ പാളിച്ചയാവാം പ്രസവിച്ചതിന് പിന്നിലെന്ന് കാട്ടി നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് ഇതിനെയും കുഞ്ഞുങ്ങളെയും കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വന്ധ്യംകരിച്ചതല്ലെന്നും അപകടമോ മറ്റെന്തെങ്കിലും കാരണത്താലോ ചെവി മുറിഞ്ഞതിനാൽ നാട്ടുകാർ തെറ്റിദ്ധരിച്ചതാവാമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചത്.