വടകര: ലക്ഷങ്ങൾ ചെലവഴിച്ചും കെട്ടിടങ്ങൾ മുറിച്ചു മാറ്റിയും സംസ്ഥാന പാത വികസനം നടന്നിട്ടും പൊതുജനങ്ങൾക്ക് അസൗകര്യങ്ങളിൽ നിന്ന് മോചനമില്ല. നടപ്പാത ഉയർന്നു കിടക്കുന്നതു കാരണം ചില സ്ഥാപനങ്ങൾക്ക് മുന്നിൽ റോഡിലേക്ക് ഇറങ്ങാൻ മെറ്റലുകളും മണ്ണും മറ്റും കൊണ്ട് തിണ കെട്ടിയത് പുതിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
റോഡിൽ നിന്നും ഡ്രൈയിനേജ് സ്ലാബ് ഉയർന്നു കിടക്കുന്നതിനാൽ കച്ചവട സ്ഥാപനങ്ങൾസാധനങ്ങൾ റോഡിലേക്ക് ഇറക്കാൻ പുതിയ തിണ കെട്ടി സൗകര്യം ഒരുക്കിയതാണ് വിനയായി മാറിയത്. വാഹനങ്ങൾ കയറുന്നതോടെ മെറ്റൽ ഇളകി റോഡിൽ ചിതറിക്കിടന്ന് അപകടഭീഷണി ഉയർത്തുകയാണ്. ഇരുചക്രവാഹനങ്ങൾ റോഡിലേക്ക് ചിതറി കിടക്കുന്ന മെറ്റലുകളിൽ കയറി തെന്നുന്നത് പതിലായിക്കൊണ്ടിരിക്കുകയാണ്.
വികസന പ്രവർത്തിയിൽ റോഡിന്റെ ഇരുഭാഗങ്ങളും താഴ്ന്നാണ് കിടക്കുന്നത്. ഡ്രൈയിനേജ് ഭാഗത്തെ സ്ലാബും, റോഡിന്റെ ടാറിട്ടഭാഗവും ഉയർന്നാണ് കിടക്കുന്നത്. ഇതു കാരണവും ചെറുവാഹനങ്ങൾ അടക്കം ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്.
കൂടാതെ ഏറാമലപഞ്ചായത്തിലെ പ്രധാന ടൗൺ ഭാഗമായ ഓർക്കാട്ടേരിയിൽ നേരത്തെ ഉണ്ടായിരുന്നതിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ടാർ ചെയ്ത ഭാഗം കഴിഞ്ഞ് റോഡിന്റെ ഇരുഭാഗത്തും സ്ഥലസൗകര്യം വന്നെങ്കിലും ഇവിടം ടൗണിൽ നിറയെ സ്വകാര്യ വാഹനങ്ങൾ കൈയടക്കുകയാണ്. ദൂരസ്ഥലങ്ങളിൽ ജോലിക്കു പോകുന്നവർ പോലും വാഹനങ്ങൾ ടൗണിൽ വച്ച് പോകുന്ന സ്ഥിതിയാണ്. ഇതു കാരണം അത്യാവശ്യകാര്യത്തിനു പോലും വാഹനങ്ങൾ നീക്കി കുരുക്കഴിക്കാൻ ഏറെ സമയം വേണ്ടിവരുകയാണ്. ഇതിനൊപ്പം കച്ചവട സ്ഥാപനങ്ങൾ നടപ്പാത കൈയ്യേറുന്നതോടെ കാൽനടക്കാരും റോഡിൽ ഇറങ്ങി നടക്കേണ്ടുന്ന അവസ്ഥയും കുരുക്കിന് ആക്കം കൂട്ടുന്നു. കൂടാതെ ടൗണിൽ നിന്നും മാറിയുള്ള ഭാഗങ്ങളിലും കാൽനടയാത്രക്കാർ പ്രയാസപ്പെടുകയാണ്. കാട്ടുചെടികൾ നിറഞ്ഞും വെള്ളക്കെട്ടുകളാലും റോഡിൽ കൂടി മാത്രമെ കാൽനടയാത്ര സാധ്യമാവുകയുള്ളൂ.