കോഴിക്കോട്: തെരുവുനായശല്യം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിൽ കക്ഷിചേരുന്നത് കോർപ്പറേഷൻ പരിഗണിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നായകളെ കൊല്ലുന്നത് അവസാന നടപടി മാത്രമാണ്. നായകളെ ഇല്ലാതാക്കുകയല്ല. ശല്യം കുറയ്ക്കുന്നതിനാണ് കോർപ്പറേഷൻ ശ്രമം. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ പെടുത്തും. കൗൺസിലിലെ ബി.ജെ.പി പ്രതിനിധികളുമായി സഹകരണം തേടിയിട്ടുണ്ട്. എ.ബി.സി പദ്ധതി നഗരത്തിൽ ഫലപ്രദമായി നടക്കുന്നുണ്ട്. കീഹോൾ സർജറി ഉൾപ്പടെ നടപ്പാക്കാനിരിക്കുകയാണ്. കൂടുതൽ നായകളെ വന്ധ്യംകരിക്കുകയും എ.ബി.സി സെന്ററിനെ ട്രയിനിംഗ് സെന്ററുകളാക്കി ഉയർത്തുകയും ചെയ്യും. വന്ധ്യംകരിച്ച തെരുവുനായ പ്രസവിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് മേയർ പറഞ്ഞു.
തെരുവുനായശല്യം കുറയ്ക്കുന്നത് പഠിക്കാൻ പത്തംഗ കമ്മിറ്റി രൂപീകരിക്കും. രണ്ട് വെറ്ററിനറി സർജന്മാരും കൗൺസിലർമാരും ഉൾപ്പടുന്ന കമ്മറ്റിയാണ് രൂപീകരിക്കുന്നത്. റോഡരികുകളിൽ മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. മാലിന്യം തള്ളുന്നതിനായി കണ്ടെത്തിയ 40 പ്രദേശങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കുമെന്ന് മേയർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.സി. രാജൻ, ഡോ. എസ്. ജയശ്രീ, പി. ദിവാകരൻ, സെക്രട്ടറി കെ.യു.ബിനി എന്നിവർ പങ്കെടുത്തു.
പ്രസവിച്ച തെരുവുനായയെ
വന്ധ്യംകരിച്ചിരുന്നില്ലെന്ന് അധികൃതർ
കോഴിക്കോട്: ഫ്രാൻസിസ് റോഡിൽ നിന്നും പിടികൂടിയ തെരുവനായയെ നേരത്തെ വന്ധ്യംകരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതായി അധികൃതർ. ഇന്നലെ നടത്തിയ പരിശോധനയിൽ നായയെ വന്ധ്യംകരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതായി വെറ്റിനറി ഓഫീസർ ഡോ.എൻ.ശ്രീഷ്മ പറഞ്ഞു. മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഷാജി പരിശോധനയിൽ പങ്കെടുത്തു.
ഇന്നലെ വന്ധ്യംകരണ സർജറി നടത്തി. നാല് ദിവസത്തെ പരിശോധനയ്ക്ക് ശേഷം പിടിച്ച സ്ഥലത്ത് തന്നെ തിരിച്ച് കൊണ്ടുവിടുമെന്ന് അധികൃതർ വ്യക്തമാക്കി. ഒരു വർഷം മുമ്പ് ഫ്രാൻസിസ് റോഡ് പരിസരത്ത് നിന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം ജീവനക്കാർ വന്ധ്യംകരണത്തിന് കൊണ്ടുപോയി തിരിച്ചു കൊണ്ടെത്തിച്ച നായ രണ്ടുതവണ പ്രസവിച്ചതായി നാട്ടുകാർ ആരോപിച്ചിരുന്നു.
വന്ധ്യംകരണം നടത്തിയതിന് ശേഷം തിരിച്ചറിയുന്നതിനായി നായകളുടെ ചെവിയിൽ വി ആകൃതിയിൽ മുറിച്ച് അടയാളപ്പെടുത്താറുണ്ട് . ഇത്തരത്തിലുള്ള മുറിവ് പ്രസവിച്ച തെരുവുനായയ്ക്കും ഉണ്ടായിരുന്നു. വന്ധ്യംകരണത്തിലെ പാളിച്ചയാവാം പ്രസവിച്ചതിന് പിന്നിലെന്ന് കാട്ടി നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് ഇതിനെയും കുഞ്ഞുങ്ങളെയും കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വന്ധ്യംകരിച്ചതല്ലെന്നും അപകടമോ മറ്റെന്തെങ്കിലും കാരണത്താലോ ചെവി മുറിഞ്ഞതിനാൽ നാട്ടുകാർ തെറ്റിദ്ധരിച്ചതാവാമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചത്.
വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പുമായി നാദാപുരം പഞ്ചായത്ത്
നാദാപുരം: നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ തെരുവുനായശല്യം നിയന്ത്രിക്കുന്നതിന്റെ ആദ്യ പടിയായി നാദാപുരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വളർത്തുമൃഗങ്ങൾക്കും പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് നടത്തും.
പഞ്ചായത്ത് പരിധിയിൽ വരുന്ന വളർത്തുമൃഗങ്ങൾക്കുള്ള (പട്ടി, പൂച്ച) പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് ഇന്നും നാളെയും മറ്റന്നാളുമായി നാദാപുരം വെറ്ററിനറി ഡിസ്‌പെൻസറി നടത്തുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അറിയിച്ചു. നിലവിൽ വാക്സിൻ ചെയ്യാത്ത എല്ലാ വളർത്തുമൃഗങ്ങളെയും ക്യാമ്പിൽ കൊണ്ടുവന്ന് കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. നിലവിൽ ഒരു വർഷത്തിനുള്ളിൽ വാക്സിൻ എടുത്തവയെ കൊണ്ടു വരേണ്ടതില്ല. നായ രണ്ടര മാസം, പൂച്ച മൂന്നു മാസം പ്രായം ഉണ്ടായിരിക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റ് വാക്സിൻ എടുക്കുന്ന അന്നുതന്നെ വിതരണം ചെയ്യുന്നതാണ്. കുത്തിവയ്പ്പുകൾക്ക് 30 രൂപ ഫീസടയ്ക്കണം. സമയം രാവിലെ 10.30 മുതൽ 12.30 മണി വരെ.
പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത മൃഗങ്ങൾക്കുള്ള ലൈസൻസ്, ഫീസടച്ച് അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് നാദാപുരം വെറ്ററിനറി സർജനുമായി ബന്ധപ്പെടാം. ഫോൺ: 9495344096