പേരാമ്പ്ര: പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി കെട്ടിടം ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നാടിന് സമർപ്പിക്കും. ടി.പി രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ കെ മുരളീധരൻ എം.പി മുഖ്യാതിഥിയാകും.
ട്രഷറി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2.51 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഇരുനില കെട്ടിടം നിർമ്മിച്ചത്. പെൻഷൻകാർക്കുള്ള ഇരിപ്പിടം, അംഗ പരിമിതർക്കുള്ള റാമ്പ്, ശുചിമുറികൾ, മുലയൂട്ടുന്ന അമ്മമാർക്കുള്ള ഫീഡിഗ് റൂം, മഴവെള്ള സംഭരണി, ഓഡിറ്റോറിയം തുടങ്ങിയവ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. പേരാമ്പ്ര, നൊച്ചാട്, കൂത്താളി, ചങ്ങരോത്ത്, ചെറുവണ്ണൂർ, വേളം, അരിക്കുളം, നടുവണ്ണൂർ പഞ്ചായത്തുകളാണ് പേരാമ്പ്ര സബ് ട്രഷറിക്ക് കീഴിൽ വരുന്നത്. ദിനം പ്രതി നിരവധി പേരെത്തിയിരുന്ന ട്രഷറി ഓഫീസാണ് പേരാമ്പ്രയിലേത്. പഴയ കെട്ടിടം മാറ്റി പുതിയ സബ് ട്രഷറി വേണമെന്ന ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്.