കോഴിക്കോട് : കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖലാ ആഘോഷ പരിപാടികൾ 17,18 തിയതികളിൽ നടക്കും. കോഴിക്കോട് നടക്കാവ് ഗേൾസ് സ്‌കൂളിൽ 17 ന് രാവിലെ 10.30 ന് നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2.30ന് വായനയും സ്ത്രീ മന്നേറ്റവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കാനത്തിൽ ജമീല എം.എൽ.എ, ഡോ. മിനി പ്രസാദ്, ഡോ. കെ.പി. സുധീര, ജാനമ്മ കുഞ്ഞുണ്ണി, കെ.പി. മോഹനൻ, ബി.എം. സുഹറ, രാഹുൽ മണപ്പാട്ട്, എ.എസ്. ലൈല എന്നിവർ പങ്കെടുക്കും. വൈകീട്ട് 5.30ന് കൊയിലാണ്ടി അരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ടും ദ്യശ്യാവിഷ്‌ക്കാരവും നടക്കും.

നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദർശനം, നിയമസഭാ ലൈബ്രറിയെ കുറിച്ചുള്ള ലഘുവീഡിയോ പ്രദർശനം, നിയമസഭാ മ്യൂസിയം ചരിത്ര പ്രദർശനം എന്നിവ സംഘടിപ്പിക്കും. ആഘോഷത്തിന്റെ ഭാഗമായി എം.ടി. വാസദേവൻ നായരെ ആദരിക്കലും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സന്ദർശനവും നടക്കും.