
കോഴിക്കോട്: മെഡിക്കൽകോളേജിലെ സെക്യൂരിറ്റി ജീവനക്കാരെയും മാദ്ധ്യമപ്രവർത്തകനെയും മർദ്ദിച്ച കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തിന് പിന്നിൽ ഭരണപക്ഷ യുവജനസംഘടനയായതിനാൽ പൊലീസ് പേടിക്കുകയാണെന്നാണ് ആക്ഷേപം. നിലവിൽ 16പേർക്കെതിരെയാണ് കേസ്. ഇതിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവടക്കം അഞ്ചുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സി.സി.ടിവി ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞ രണ്ടുപേർ കൂടിയുണ്ട്. മെഡിക്കൽകോളേജ് പൊലീസ് സ്റ്റേഷന്റെ രണ്ടുകിലോമീറ്റർ പരിധിക്കുള്ളിലാണ് ഇവരുടെ വീടെങ്കിലും അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുകയാണെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ വിമുക്ത ഭടൻമാരുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടന്നു. മാർച്ചിൽ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണുണ്ടായത്. കേസിൽ നിലവിൽ അറസ്റ്റ് ചെയ്തത് അഞ്ചുപേരെ മാത്രമാണ്. പൊലീസിന്റെ സി.സി.ടിവിയിൽ പതിഞ്ഞ അക്രമകാരികളായ മറ്റുള്ളവർ എവിടെയെന്നാണ് പ്രതിഷേധക്കാരുടെയും ജനത്തിന്റെയും ചോദ്യം. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുൺ, കെ.എം രാജേഷ്, അശ്വിൻ, സജിൻ, മുഹമ്മദ് ഷമീർ എന്നിവരാണ് കീഴടങ്ങിയ പ്രതികൾ. ഇവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റി. അതേസമയം പ്രതികൾക്കെതിരെ പൊലീസ് ഒരു വകുപ്പ് കൂടി ചേർത്തിട്ടുണ്ട്. 333 വകുപ്പ് പ്രകാരം ജീവനക്കാരെ ഗുരുതരമായി അക്രമിച്ച് പരിക്കേൽപ്പിച്ചെന്ന കുറ്റമാണ് ചേർത്തത്. ഇതുകൂടി ചുമത്തിയതോടെ സെഷൻസ് കോടതിയിൽ മാത്രം വിചാരണ നടത്താവുന്ന കേസായി മാറിയിട്ടുണ്ട്. പത്തുവർഷംവരെ തടവ് ചുമത്താവുന്ന കേസാണിത്.
ആഗസ്റ്റ് 31നാണ് മെഡിക്കൽകോളജ് ആശുപത്രിയിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ ക്രൂരമർദ്ദനമുണ്ടായത്. ഇത് റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകനെയും മർദ്ദിച്ചു. മർദ്ദനമേറ്റ വിമുക്തഭടനായ ദിനേശൻ ഇപ്പോഴും ചികിത്സയിലാണ്. രോഗിയായ ഇയാളെ മർദ്ദിച്ചശേഷം പ്രതികൾ നിലത്തിട്ട് ചവിട്ടിക്കൂട്ടുന്ന ദൃശ്യം വലിയ പ്രതിഷേധത്തിനാണിടയാക്കിയത്. എന്നിട്ടും കേസിൽ പ്രതികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് കാണിക്കുന്ന മെല്ലെപ്പോക്കാണ് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നത്.
'പ്രതികളെ സർക്കാരും പൊലീസും സംരക്ഷിക്കുന്നു'
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച കേസിൽ മുഴുവൻ പ്രതികളെയും പിടികൂടാത്തതിൽ പ്രതിഷേധിച്ച് വിമുക്ത ഭടൻമാരുടെ കമ്മിഷണർ ഓഫീസ് മാർച്ച്. നൂറോളംവരുന്ന സൈനിക-അർദ്ധസൈനിക വിഭാഗങ്ങളിലെ വിമുക്തഭടൻമാരുടെ മാർച്ച് ഡി.ഡി.ഇ ഓഫീസിനുമുമ്പിൽ റോഡ് ഉപരോധിച്ച് പൊലീസ് തടഞ്ഞു. സമാധാനപരമായി നടത്തിയ മാർച്ച് വിമുക്തഭടൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമാധനവും സുരക്ഷയ്ക്കുമായി ജീവൻപോലും മറന്ന് ജോലിചെയ്തവരെ കേവലം സെക്യൂരിറ്റിക്കാരെന്ന് കണ്ട് തല്ലിച്ചതച്ച ഗുണ്ടാസംഘത്തെ സർക്കാരും പൊലീസും സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽകോളജിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നതിന് അധികൃതർ തയാറാക്കിയ ഒരു നിയമമുണ്ട്. അത് അനുസരിക്കുകയെന്നത് ഒരു സെക്യൂരിറ്റിക്കാരന്റെ കടമയാണ്. അവരെ തല്ലിച്ചതക്കുകയും ചവിട്ടിക്കൂട്ടുകയും ചെയ്തത് സംസ്‌കാര ശൂന്യവും കാടത്തവുമായ നടപടിയാണ്. തങ്ങളൊരുകാലത്ത് സൈനികരായിരുന്നുവെന്ന് ഇവിടത്തെ സർക്കാരും പൊലീസും മറക്കരുത്. ഇത് സൂചനാ സമരം മാത്രമാണ്. ഇനിയുള്ള സമരം ഇതുപോലാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എ.ശ്രീലേഷ് തുടങ്ങിയവരും പ്രസംഗിച്ചു. പൊലീസ് റോഡ് ബ്ലോക്ക് ചെയ്തതോടെ ഒരുമണിക്കൂറോളം റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചശേഷമാണ് പ്രകടനക്കാർ പിരിഞ്ഞത്.